| Thursday, 21st November 2024, 8:34 pm

അദാനിക്ക് വീണ്ടും തിരിച്ചടി; കെനിയന്‍ സര്‍ക്കാരുമായുള്ള വിമാനത്താവള, ഊര്‍ജ കരാറുകള്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്‌റോബി: അമേരിക്കയില്‍ വഞ്ചനാ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. കെനിയന്‍ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പിട്ട വിമാനത്താവളങ്ങളുടേയും ഊര്‍ജ പദ്ധതികളുടേയും കരാര്‍ റദ്ദാക്കിയതായി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു.

കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളമായ നെയ്റോബിയിലെ ജോമോ കെനിയോട്ട 30 വര്‍ഷത്തേക്ക് പാട്ടത്തിനായി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഈ കരാറില് നിന്നാണ് കെനിയന്‍ സര്‍ക്കാര്‍ പിന്‍മാറിയത്.

ഇതോടൊപ്പം പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മിക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ ഒരു യൂണിറ്റുമായി ഊര്‍ജ മന്ത്രാലയം ഒപ്പുവെച്ച 700 മില്യണ്‍ ഡോളറിന്റെ കരാറും റദ്ദാക്കാന്‍ റൂട്ടോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘ഗതാഗത മന്ത്രാലയത്തിലെയും ഊര്‍ജ, പെട്രോളിയം മന്ത്രാലയത്തിലെയും ഏജന്‍സികളോട് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഊര്‍ജ സംഭരണ പ്രക്രിയകള്‍ ഉടനടി റദ്ദാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്,’ റൂട്ടോ പറഞ്ഞു. അന്വേഷണ ഏജന്‍സികളില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നും ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും റൂട്ടോ തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്.

കെനിയന്‍ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് കരാറുകളില്‍ എര്‍പ്പെടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ രാജ്യത്ത് പലരീതിയിലുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു.

അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് കെനിയന്‍ കമ്പനിയുമായി എനര്‍ജി പ്രൊജക്റ്റില്‍ ധാരണയിലെത്തിയത്. കെനിയയില്‍ ഉടനീളമായി സബ്‌സ്റ്റേഷനുകള്‍ നിര്‍മിക്കാനും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കാനുമാണ് അദാനി കമ്പനി ശ്രമിക്കുന്നതെന്നാണ് അന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടത്.

കരാര്‍ പ്രകാരം, എനര്‍ജി മേഖലയുടെ വികസനത്തിനായി കെനിയന്‍ സര്‍ക്കാര്‍ സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടിയിരുന്നില്ല. കരാറില്‍ ഒപ്പിട്ട കെനിയ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡ് 30 വര്‍ഷത്തിനുള്ളില്‍ അദാനി വഹിക്കുന്ന ചെലവ് തിരിച്ചടച്ചാല്‍ മതിയെന്നാണ് ധാരണപത്രത്തില്‍ പറഞ്ഞിരുന്നത്.

2023 ഒക്ടോബറില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഹോള്‍ഡിങ്‌സിന് കരാര്‍ ലഭിക്കുന്നത്. ഈ കരാര്‍ വഴി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷത്തേക്ക് ഗൗതം അദാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്.

അദാനിയുമായുള്ള കെനിയന്‍ സര്‍ക്കാരിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് രാജ്യത്തെ ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കെനിയാസ് അസോസിയേഷന്‍ ഓഫ് എയര്‍ ഓപ്പറേറ്റേഴ്സും (കെ.എ.എ.ഒ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കരാറിലെ വ്യവസ്ഥകള്‍ രാജ്യത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്നാണ് കെ.എ.എ.ഒ ചൂണ്ടിക്കാട്ടിയത്. കൂടാതെ കരാര്‍ നല്‍കുന്നതിന് മുമ്പ് മറ്റ് പങ്കാളികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്താത്തിലും പ്രതിഷേധമുയര്‍ന്നിരുന്നു.

Content Highlight: Adani group’s Airport and energy contracts with the Kenyan government have been cancelled

We use cookies to give you the best possible experience. Learn more