|

തെലങ്കാനയില്‍ അദാനിയുടെ സംഭാവന സര്‍ക്കാര്‍ നിരസിച്ചതോടെ 12ഓളം പദ്ധതികള്‍ വീണ്ടും പരിശോധനയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: യങ് ഇന്ത്യ സ്‌കില്‍സ് സര്‍വകലാശാലക്ക് അദാനി ഗ്രൂപ്പ് നല്‍കിയ 100 കോടിയുടെ സംഭാവന തെലങ്കാന സര്‍ക്കാര്‍ നിരസിച്ചതോടെ സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് നടത്താനിരുന്ന 12 പദ്ധതികള്‍ വീണ്ടും പരിശോധനയില്‍.

അദാനിയുടെ പ്രഖ്യാപനം അനാവശ്യ ചര്‍ച്ചകള്‍ക്ക് കാരണമായെന്നും സംഭാവന സ്വീകരിച്ചാല്‍ അത് അദാനിയുമായി സംസ്ഥാന സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അവിശുദ്ധ ബന്ധം ഉള്ളതായി തോന്നിയേക്കാന്‍ സാധ്യതയുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിന് പിന്നാലെ സംസ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ 12ഓളം പദ്ധതികള്‍ വീണ്ടും ചര്‍ച്ചയില്‍ ഇടം പിടിച്ചിരിക്കുകയാണ്. മാനുഫാക്ചറിങ് യൂണിറ്റുകള്‍ മുതല്‍ ദേശീയ പാത നിര്‍മാണത്തിലെ സഹകരണം വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ 11 പദ്ധതികളും മുന്‍ സര്‍ക്കാരായ ഭാരതീയ രാഷ്ട്ര കോണ്‍ഗ്രസ് അംഗീകരിച്ചവയാണ്.

മുന്‍ ബി.ആര്‍.എസ് സര്‍ക്കാരിന് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംവദിക്കവേ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റും അന്നത്തെ ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു (കെ.ടി.ആര്‍) ഗൗതം അദാനിയെ കണ്ടതിന്റെ ഫോട്ടോകളും ബി.ആര്‍.എസ് സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതികളുടെ പട്ടികയും അദ്ദേഹം അവതരിപ്പിച്ചു.

അദാനി എല്‍ബിറ്റ് സിസ്റ്റംസ് ഡിഫന്‍സ് യൂണിറ്റ്, മിസൈല്‍ ഷെല്‍ നിര്‍മാണ യൂണിറ്റ് (മാമിടപ്പള്ളി), മൈക്രോസോഫ്റ്റ് ഡാറ്റാ സെന്റര്‍ (എല്ലിക്കട്ട), ലോജിസ്റ്റിക്‌സ് പാര്‍ക്ക് ആന്‍ഡ് ഡ്രൈ പോര്‍ട്ട് (രാമണ്ണപ്പേട്ട), ഗുജറാത്ത്- തെലങ്കാന- ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 750 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പ്രൊജക്ട്, ഖമ്മം മുതല്‍ സൂര്യപ്പേട്ട് വരെയുള്ള ദേശീയ പാത എന്നിവയാണ് ബി.ആര്‍.എസ് അംഗീകരിച്ച പദ്ധതികള്‍.

ഡാറ്റാ സെന്റര്‍ കോംപ്ലക്‌സ് (മുച്ചേര്‍ള), 5000 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി, സിമന്റ് ഗ്രൈന്‍ഡിങ് യൂണിറ്റ് (രാമണ്ണപ്പേട്ട്), ഒമ്പത് ദശലക്ഷം മെട്രിക് ടണ്ണിന്റെ സിമന്റ് പ്ലാന്റ് (കൊടങ്ങല്‍) എന്നിവയാണ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയ പദ്ധതികള്‍. അതേസമയം മാമിടപ്പള്ളിയില്‍ കൗണ്ടര്‍ ഡ്രോണിന്റെ നിര്‍മാണ യൂണിറ്റിന് ഇരു സര്‍ക്കാരുകളും അംഗീകാരം നല്‍കിയിട്ടില്ല.

Content Highlight: Adani Group’s 12 projects under radar after Telangana Government rejected their donation