കാര്‍ഷികമേഖലയില്‍ മാത്രം അദാനി രജിസ്റ്റര്‍ ചെയ്തത് ഇരുപതിലേറെ കമ്പനികള്‍; കേന്ദ്രത്തിന്റെ കാര്‍ഷികനിയമം അദാനിക്കുവേണ്ടിയെന്ന വാദങ്ങള്‍ ശക്തിപ്പെടുന്നു
national news
കാര്‍ഷികമേഖലയില്‍ മാത്രം അദാനി രജിസ്റ്റര്‍ ചെയ്തത് ഇരുപതിലേറെ കമ്പനികള്‍; കേന്ദ്രത്തിന്റെ കാര്‍ഷികനിയമം അദാനിക്കുവേണ്ടിയെന്ന വാദങ്ങള്‍ ശക്തിപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 3:56 pm

ന്യൂദല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയും വിപണിയും കയ്യടക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിനല്‍കുന്ന അവസരമാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ എന്ന വാദങ്ങള്‍ ശക്തമാകുന്നതിനിടെ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു.

അദാനി ഗ്രൂപ്പ് നിരവധി കാര്‍ഷിക ചരക്കുകടത്തു കമ്പനികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇത് പുതിയ കാര്‍ഷിക നിയമം യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വെളിവാക്കുന്നതാണെന്നും രേഖകളെ ഉദ്ധരിച്ചുകൊണ്ട് സി.പി.ഐ.എം ആരോപിക്കുന്നു.


ഇതിന് പിന്നാലെ ആരോപണങ്ങളില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. തങ്ങള്‍ കര്‍ഷകരില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ വില നിശ്ചയിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി അവകാശപ്പെടുന്നത്.

‘ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന്റെ അളവോ ധാന്യങ്ങളുടെ വിലയോ നിശ്ചയിക്കുന്നതില്‍ കമ്പനിക്ക് ഒരു പങ്കുമില്ല. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സേവനം/അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക മാത്രമാണ് കമ്പനി ചെയ്യുന്നത്,’ അദാനിയുടെ വിശദീകരണ ട്വീറ്റില്‍ പറയുന്നു.

കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് കര്‍ഷകര്‍ നേരത്തെ തന്നെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. അദാനി – അംബാനി ഗ്രൂപ്പുകളുമായി ബി.ജെ.പി സര്‍ക്കാര്‍ അവിശുദ്ധ കൂട്ടുക്കെട്ടിലേര്‍പ്പെട്ടിരിക്കുകയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ ഫോണും സിമ്മുമടക്കമുള്ള എല്ലാ ഉത്പന്നങ്ങളും പൂര്‍ണ്ണമായി ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ സിമ്മുകള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം രണ്ടാഴ്ചക്ക് ശേഷവും ദല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരം ശക്തമായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ആദ്യം ഒരു അനുനയ ചര്‍ച്ചക്കും തയ്യാറാകാതിരുന്ന സര്‍ക്കാര്‍ പ്രതിഷേധം ശക്തമായതോടെ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്ന സര്‍ക്കാരിന്റെ അവസാന നിര്‍ദേശം കര്‍ഷകര്‍ തള്ളി. പുതിയ മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Adani group registered many farming related companies in 2019, CPIM alleges it nexus between BJP govt and corporate groups