|

ദ വയറിനെതിരായ മാനനഷ്ടക്കേസുകള്‍ അദാനി ഗ്രൂപ്പ് പിന്‍വലിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ വയറിനെതിരായ മാനനഷ്ടക്കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഹരജികള്‍ പിന്‍വലിക്കുന്നതിനായുള്ള നടപടികള്‍ അഹമ്മദാബാദ് കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പഞ്ചാബ് ന്യൂസ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ വയറിനും പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്യ, മോണോബിനാ ഗുപ്ത, പമേല ഫിലിപ്പോസ്, നൂര്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേയുള്ള മാനനഷ്ടക്കേസുകളാണ് പിന്‍വലിക്കുന്നത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ദ വയറില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കെതിരെ അദാനി ഗ്രൂപ്പ് ഫയല്‍ ചെയ്ത എല്ലാ മാനനഷ്ടക്കേസുകളും (സിവില്‍, ക്രിമിനല്‍) പിന്‍വലിക്കാനൊരുങ്ങുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.’ സിദ്ധാര്‍ത്ഥ് വരദരാജനെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായാല്‍ മാത്രമെ വിശദാംശങ്ങള്‍ പുറത്തുവിടൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും മാനനഷ്ടക്കേസുകളില്‍ നിന്ന് പിന്മാറുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റഫാല്‍ വിവാദത്തില്‍ ആരോപണമുന്നയിച്ച ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകളാണ് പിന്‍വലിക്കാനൊരുങ്ങിയത്.

അയ്യായിരം കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള അപകീര്‍ത്തിക്കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരേ റഫാല്‍ വിവാദത്തില്‍ റിലയന്‍സ് ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്.

അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസുകള്‍. തങ്ങള്‍ കേസുകള്‍ പിന്‍വലിക്കാന്‍ പോകുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി പരാതിക്കാരുടെ അഭിഭാഷകന്‍ രസേഷ് പരീഖ് പറഞ്ഞു. ഇക്കാര്യം ഹെറാള്‍ഡിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും അഭിഭാഷകന്‍ പി.എസ് ചമ്പനേരി സ്ഥിരീകരിച്ചിട്ടുണ്ട്. വേനലവധി കഴിഞ്ഞശേഷം കോടതി കൂടുമ്പോള്‍ കേസ് പിന്‍വലിക്കാനാണു തീരുമാനം.

ഉമ്മന്‍ചാണ്ടിക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, സുനില്‍ ജാഖര്‍, അശോക് ചവാന്‍, അഭിഷേക് മനു സിങ്വി, സഞ്ജയ് നിരുപം, ശക്തിസിങ് ഗോഹില്‍ തുടങ്ങിയവര്‍ക്കെതിരേയും നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരേയും ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുമായിരുന്നു അപകീര്‍ത്തിക്കേസ് നല്‍കിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയല്‍ ചെയ്തത്.

നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ സഫര്‍ ആഗ, വിവാദത്തിനാസ്പദമായ ലേഖനമെഴുതിയ വിശ്വദീപക് എന്നിവര്‍ക്കെതിരേയും കേസുണ്ട്. റഫാല്‍ ഇടപാട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുന്‍പാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിശ്വദീപക് എഴുതിയത്.

വേനലവധിക്കു പോകുന്നതിനുമുന്‍പ് കേസില്‍ കോടതി വാദം കേട്ടിരുന്നു. റിലയന്‍സിനും അനിലിനുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതില്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മോദിഭരണകാലത്തെ ബി.ജെ.പിയുടെ വിശ്വസ്തരായ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

WATCH THIS VIDEO: