ന്യൂദൽഹി: കോടതി തീർപ്പാക്കിയ കേസിൽ അദാനി പവർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതിൽ അഭിഭാഷകർക്കിടയിൽ വാഗ്വാദം.
രാജസ്ഥാൻ വൈദ്യുതി ബോർഡിൽനിന്ന് 1,400 കോടി രൂപ സർചാർജായി ഈടാക്കണം എന്നവശ്യപ്പെട്ടാണ് അദാനി പവർ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഈ തുകക്ക് അദാനിയുടെ കമ്പനിക്ക് അർഹതയില്ലെന്ന് 2020ൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ലേറ്റ് പെയ്മെന്റ് സർചാർജ് (എൽ.പി.എസ്) ആയി രാജസ്ഥാൻ സർക്കാർ 137.35 കൊടി രൂപ അദാനി പവറിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു തുടർന്ന് സർക്കാർ കുടിശ്ശികയുള്ള തുക മുഴുവൻ അടച്ചുതീർത്തു.
എന്നാൽ കോടതിയിൽ പരിഗണനയിലിരിക്കുന്ന കേസിന്റെ അനുബന്ധ അപേക്ഷ എന്ന നിലയിൽ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. രാജസ്ഥാൻ സർക്കാരിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെയും അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വിയും മൂന്ന് മണിക്കൂറോളം ഇതിനെ ചൊല്ലി വാഗ്വാദം ഉണ്ടായി.
അദാനി പവറിനായി നൽകിയ അപേക്ഷ പിൻവലിക്കാൻ തയ്യാറാണെന്ന് സിങ്‌വി കോടതിയെ അറിയിച്ചപ്പോൾ ഫയലിങ്ങിൽ തന്നെ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്ന് ദവെ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഉത്തരവുണ്ടായിട്ടും കേസ് ലിസ്റ്റ് ചെയ്യാതെ മാറ്റിയതിന് കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.
കേസ് ലിസ്റ്റിങ്, അനാവശ്യ ഹരജികൾ നീക്കം ചെയ്യൽ എന്നിവക്ക് മാർഗരേഖ പുറപ്പെടുവിക്കണമെന്ന് ദവെ ആവശ്യപ്പെട്ടു. അതേസമയം കേസിലെ പരിഗണനാവിഷയം പുറത്തുകടക്കരുതെന്ന് ചൂണ്ടിക്കാട്ടി ആവശ്യത്തെ അദാനി ഗ്രൂപ്പ് എതിർത്തു.
വാദം പൂർത്തിയായതിനാൽ കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
Content Highlight: Adani Group in Supreme Court again in settled case; Argument between lawyers