കൊളംബോ: അദാനി ഗ്രൂപ്പിന് ഊര്‍ജ പദ്ധതി നല്‍കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സയെ സമ്മര്‍ദ്ദത്തിലാക്കിയതായിയുള്ള മുന്‍ സി.ഇ.ബി ചെയര്‍മാന്റെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ പുറത്ത്.
‘പദ്ധതി അദാനി ഗ്രൂപ്പിന് തന്നെ നല്‍കണമെന്ന് നരേന്ദ്ര മോദി തന്നെ നിര്‍ബന്ധിക്കുന്നു,’ എന്ന് പ്രസിഡന്റ് ഗോതബയ രജപക്സെ പറഞ്ഞതായി ശ്രീലങ്കയുടെ ഇലക്ട്രിസിറ്റി ബോര്‍ഡ് തലവന്‍ ഫെര്‍ഡിനാന്റോയുടെ വെളിപ്പെടുത്തലിനെ ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തുവന്ന ഔദ്യോഗിക കത്തിലുള്ളത്. സണ്‍ഡേ ടൈംസാണ് കത്ത് പുറത്തായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാന്നാറിലും പൂനേരിനിലും 500 മെഗാവാട്ട് കാറ്റാടി, സൗരോര്‍ജ പ്ലാന്റുകള്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് വഴി തുടങ്ങാനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്നാണ് രേഖകള്‍ കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് മുന്‍ ട്രഷറി സെക്രട്ടറി ആറ്റിഗല്ലെക്ക് ഫെര്‍ഡിനാന്‍ഡോ എഴുതിയ
ഒഫീഷ്യല്‍ കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഒക്ടോബറില്‍ ശ്രീലങ്കയിലെത്തി പ്രസിഡന്റ് ഗോതബായ രാജപക്സെയെയും അന്നത്തെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും കണ്ടിരുന്നു. മാന്നാറിലും പൂനേരിനിലും 500 മെഗാവാട്ട് കാറ്റ, സൗരോര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് അദാനി ഗ്രീന്‍ എനര്‍ജിക്ക് സൗകര്യമൊരുക്കാന്‍ പ്രസിഡന്റ് രാജപക്സെ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതായും രേഖയില്‍ പറയുന്നുണ്ട്.
മഹിന്ദ രാജപക്സെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അന്നത്തെ ചെയര്‍മാന്‍ എം.എം.സി.ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
ലങ്കയില്‍ ഗണ്യമായ തുക വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്. ക്രോസ് ബോര്‍ഡര്‍ ട്രാന്‍സ്മിഷന്‍ ലിങ്കുകള്‍ വഴി ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനായി ശ്രീലങ്കയില്‍ സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കും, ശ്രീലങ്കയില്‍ കാര്യമായ നിക്ഷേപം സാധ്യമാക്കും, കയറ്റുമതി വരുമാനത്തിന്റെ ദീര്‍ഘകാല സ്രോതസുകളുടെ പുതിയ പദ്ധതികള്‍ തുറക്കും തുടങ്ങിയ അവകാശവാദങ്ങളും അദാനി ഇതുസംബന്ധിച്ച കത്തില്‍ ശ്രീലങ്കയെ അറിയിക്കുന്നുണ്ട്.
അതേസമയം, പാര്‍ലമെന്ററി പാനലിന് മുമ്പാകെയായിരുന്നു മുന്‍ സി.ഇ.ബി ചെയര്‍മാനായ ഫെര്‍ഡിനാന്റോയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. പിന്നാലെ ഫെര്‍ഡിനാന്റോ സ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.