national news
എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി; അദാനിക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച് എന്‍.ഡി.ടി.വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 23, 03:49 pm
Tuesday, 23rd August 2022, 9:19 pm

ന്യൂദല്‍ഹി: രാജ്യത്തെ മുന്‍നിര മാധ്യമ കമ്പനിയായ എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങിയത്.

കമ്പനിയുടെ 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാനാണ് ഓപ്പണ്‍ ഓഫര്‍ വഴി ലക്ഷ്യമിടുന്നതെന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് അറിയിച്ചു. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാന്‍ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കില്‍ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം.

ഓഹരി വാങ്ങിയെന്ന് വാര്‍ത്ത പുറത്തുവരുന്നതിനിടയിലും അദാനിക്കെതിരായി എന്‍.ഡി ടി.വി വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായി. ‘Gautam Adani’s Empire ‘Deeply Overleveraged,’ Warns New Report’ എന്ന തലക്കെട്ടില്‍ എന്‍.ഡി.ടി.വി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇപ്പോഴും ഹോം പേജില്‍ കാണാവുന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85 കോടി രൂപയാണ് എന്‍.ഡി. ടി.വിയുടെ ലാഭം. സ്ഥാപകനായ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്. മാധ്യമമേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് പിന്നീട് ക്വിന്റ് ഡിജിറ്റലിന്റെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

എന്‍.ഡി.ടി.വി 24×7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും എന്‍.ഡി.ടി.വിക്ക് നിരവധി ഫോളോവേഴ്‌സുണ്ട്.