| Tuesday, 14th November 2023, 11:38 am

അദാനി ഗ്രൂപ്പിന്റെ പദ്ധതി പരിഗണിക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ അംഗം അദാനിയുടെ ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അദാനി ഗ്രൂപ്പിന്റെ ഹൈഡ്രോ പദ്ധതി പ്രൊപ്പൊസലിന് ക്ലിയറൻസ് നൽകേണ്ട കേന്ദ്ര എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയിൽ (ഇ.എ.സി) അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ മുഖ്യ ഉപദേഷ്ടാവ് അംഗമാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന്റെ കണ്ടെത്തൽ.

സർക്കാർ അനുമതി ആവശ്യമുള്ള പദ്ധതികൾ ചർച്ച ചെയ്ത് തീരുമാനിക്കുന്ന കമ്മിറ്റിയാണ് ഇ.എ.സി.

സെപ്റ്റംബർ 27ന് ഹൈഡ്രോഇലക്ട്രിസിറ്റി, നദീതട പദ്ധതികൾക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയ ഇ.എ.സിയിൽ, ഏഴ് സ്ഥാപക ഇതര അംഗങ്ങളിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ മുഖ്യ ഉപദേഷ്ടാവ് ജനാർദൻ ചൗധരിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 17ന് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ചൗധരി പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ സാധാരയിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (എ.ജി.ഇ.എൽ) 1500 മെഗാവാട്ട് തരലി പമ്പിങ് സംഭരണ പദ്ധതിയാണ് ഈ ദിവസം പരിഗണിച്ചത്.

ചർച്ചക്ക് ശേഷം ഇ.എ.സി, എ.ജി.ഇ.എല്ലിന് അനുകൂലമായ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.
പദ്ധതി ചർച്ച ചെയ്യുമ്പോൾ താൻ വിട്ടുനിന്നു എന്നാണ് ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. എന്നാൽ മിനുട്ട്സിൽ അങ്ങനെയല്ല വ്യക്തമാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മിനുട്ട്സ് ഭേദഗതി ചെയ്യുമെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ പരിഗണിക്കാനുള്ള ഇ.എ.സിയിൽ ചൗധരിയെ ഉൾപ്പെടുത്തുന്നത് നേരത്തെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

നിലവിൽ എ.ജി.ഇ.എല്ലിന് കീഴിലുള്ള ആറ് പദ്ധതികളാണ് ഇ.എ.സിക്ക് മുമ്പിലുള്ളത്.

പദ്ധതിയുടെ ചർച്ചയിൽ ചൗധരി പങ്കെടുത്തില്ലെന്നാണ് ഇ.എ.സിയുടെ സെക്രട്ടറിയും ശാസ്ത്രജ്ഞനുമായ യോഗേന്ദ്ര പാൽ സിങ് പറയുന്നത്.

അതേസമയം സ്വന്തം കമ്പനിയുടെ പദ്ധതിയുടെ ചർച്ചയിൽ നിന്ന് വിട്ട് നിൽക്കുന്നത് മതിയാകില്ലെന്നും കമ്പനിയുടെ എതിരാളികളുടെ പദ്ധതികളെ കുറിച്ച് അറിയാൻ സാധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മൂന്ന് വർഷമാണ് ഇ.എ.സി അംഗങ്ങളുടെ കാലാവധി.

Content Highlight: Adani Green advisor in hydel appraisal committee of Environment Ministry

We use cookies to give you the best possible experience. Learn more