|

അദാനി എന്റര്‍പ്രൈസസിന്റെ എഫ്.പി.ഒ വരിക്കാരുടെ വിവരങ്ങള്‍ കൈവശമില്ല: സെബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി എഫ്.പി.ഒയില്‍ വരിക്കാരായവരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന് സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു.

നിക്ഷേപകരുടെയും തുകയുടെയും അടിസ്ഥാനത്തിലുള്ള വിവരങ്ങളും എഫ്.പി.ഒ റദ്ദാക്കാനുള്ള കാരണവും ആവശ്യപ്പെട്ടുള്ള വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നല്‍കുകയായിരുന്നു സെബി എന്ന് ബിസിനിസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പ്രെസന്‍ജിത് ബോസ് ആണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയത്.

നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തെ തുടര്‍ന്ന് അദാനി എന്‍ഡര്‍പ്രൈസസ് എഫ്.പി.ഒ പിന്‍വലിച്ചിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ചും പ്രെസന്‍ജിത്ത് ബോസ് വിവരവാകാശ അപേക്ഷ നല്‍കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായ സ്റ്റോക്ക് വില കൃത്രിമം, റൗണ്ട് ട്രിപ്പിങ്, അക്കൗണ്ടിങ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, തുടങ്ങിയവ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോയെന്നും അന്ന് നല്‍കിയ അപേക്ഷയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സെബി ഇതിന് മറുപടി നല്‍കിയിട്ടില്ല.

വിവരങ്ങള്‍ ആവശ്യപ്പെട്ട് പ്രെസന്‍ജിത് ആദ്യം സമീപിച്ചത് ചീഫ് പബ്ലിക് ഓഫീസറെയായിരുന്നു. എന്നാല്‍ അവര്‍ പരാതി നിരസിച്ചതിന്റെ പേരില്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ സെബിയുടെ കയ്യില്‍ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്നാണ് അപ്പല്ലേറ്റ് അതോറിറ്റി അറിയിച്ചത്.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യണ്‍ ഡോളറില്‍ നിന്ന് ഞൊടിയിടയിലാണ് അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറായി ചുരുങ്ങിയത്. ഫോര്‍ബ്സിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 35 പേരുടെ പട്ടികയില്‍ നിന്ന് അദാനി പുറത്താക്കപ്പെടുന്നതും ഇതിന് പിന്നാലെയായിരുന്നു. 120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അദാനി ഓഹരികള്‍ക്ക് ഇതോടെയുണ്ടായത്.

content highlight: Adani Enterprises not holding FPO subscriber details: SEBI

Latest Stories