ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ പിരിച്ചുവിട്ടു. അദാനി വിഷയം, സംഭാലിലുണ്ടായ ആക്രമണം, മണിപ്പൂര്‍ സംഘര്‍ഷം എന്നിവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സമ്മേളനം പിരിച്ചുവിടുകയായിരുന്നു.
ലോക്‌സഭയിലും രാജ്യസഭയിലും ഔദ്യോഗിക പത്രികകള്‍ വെച്ചെങ്കിലും കാര്യമായ നടപടികളിലേക്കൊന്നും കടന്നില്ലെന്നും നടപടികള്‍ തുടരാനുള്ള പ്രിസൈഡിങ് ഓഫീസര്‍മാരുടെ അപ്പീല്‍ പ്രതിപക്ഷ എം.പിമാര്‍ നിരസിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദാനി വിഷയവും ഉത്തര്‍പ്രദേശിലെ സംഭാലിലെ അക്രമവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് സഭ പിരിയുകയും പിന്നാലെ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നത് സഭാ നടപടികള്‍ നിര്‍ത്തിവെക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാണിക്കം ടാഗോര്‍, ബെന്നി ബെഹന്നാന്‍, മനീഷ് തിവാരി, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എം.പിമാര്‍ അദാനി വിഷയവും മണിപ്പൂര്‍ അക്രമവും ചര്‍ച്ച ചെയ്യുന്നത് മാറ്റിവെക്കാന്‍ പിന്നീട് നോട്ടീസ് നല്‍കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഈ വിഷയങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നും പ്രതിഷേധമുണ്ടായി.
വീണ്ടും സഭ സമ്മേളിച്ചെങ്കിലും നടപടിക്രമങ്ങളോട് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു. നാളെ (28/11/24)ന് 11 മണിക്ക് ഇരുസഭകളും വീണ്ടും ചേരും.
Content Highlight: Adani and Sambhal were unwilling to discuss the attack; Parliament has adjourned its winter session for today