|

ടെമ്പോകളില്‍ കള്ളപ്പണം എത്തിക്കുന്ന രണ്ട് മാന്യമാര്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്; ഇ.ഡി ഒന്ന് ശ്രദ്ധിക്കണം: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വ്യവസായികളായ അദാനിയേയും അംബാനിയേയും ക്ഷണിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലെ ചില പരാമര്‍ശങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ജയറാം രമേശ് മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

മെയ് മാസത്തില്‍ തെലങ്കാനയിലെ കരിംനഗറില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി അദാനി-അംബാനിമാരുടെ സഹായം കോണ്‍ഗ്രസിന് കിട്ടിയെന്ന രീതിയില്‍ ഒരു പ്രസ്താവന നടത്തിയത്.

ഇന്ത്യയിലെ രണ്ട് വലിയ ബിസിനസുകാര്‍ കള്ളപ്പണം നിറച്ച ടെമ്പോകള്‍ കോണ്‍ഗ്രസിന് എത്തിച്ചുകൊടുത്തെന്നായിരുന്നു മോദി പറഞ്ഞത്.

‘ഞങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയാണ്, ടെമ്പോകളില്‍ കള്ളപ്പണം എത്തിക്കുന്ന രണ്ട് മാന്യന്മാരും ഇപ്പോള്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്’ എന്നായിരുന്നു ജയറാം രമേശ് എക്‌സില്‍ കുറിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അംബാനിയെയും അദാനിയെയും വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നിര്‍ത്തിയെന്നായിരുന്നു മെയ് എട്ടിന് കരിംനഗര്‍ നടന്ന റാലിയില്‍ മോദി ആരോപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരില്‍ നിന്ന് കള്ളപ്പണം ലഭിച്ചോ എന്നും മോദി ചോദിച്ചിരുന്നു. അത്തരത്തില്‍ കള്ളപ്പണം വിവിധ പാര്‍ട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന വ്യവസായികളെയാണോ മോദി സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുപ്പിക്കുന്നത് എന്ന ചോദ്യമാണ് ജയറാം രമേശ് ഉന്നയിച്ചത്.

കേന്ദ്രത്തില്‍ എന്ന് മോദി അധികാരത്തിലെത്തിയോ അന്ന് മുതല്‍ അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ അദാനി കമ്പനികള്‍ രാജ്യത്ത് നടത്തുന്ന പല വെട്ടിപ്പുകളും പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ അംബാനി-അദാനിമാരെ കള്ളപ്പണക്കാരായി ചിത്രീകരിച്ചുകൊണ്ട് മോദി തന്നെ പ്രസ്താവന നടത്തിയത് പലരേയും ഞെട്ടിച്ചിരുന്നു.

മകന്‍ അനന്ത് അംബാനിക്കൊപ്പമാണ് മുകേഷ് അംബാനി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. ഇവര്‍ക്കൊപ്പം തന്നെ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും ചടങ്ങിനെത്തിയിരുന്നു

ഞായറാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് മോദി തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യവസായ പ്രമുഖരും ലോകനേതാക്കളുമടക്കം നിരവധി പേരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.

Content Highlight: Adani, Ambani attend oath ceremony, Congress recalls Modi’s remarks about black money