മുംബൈ: തന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകന്‍ അബു ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്തായെങ്കിലും സംവിധായകന്‍ സലിം അഹമ്മദ് ഹാപ്പിയാണ്.
” ഞാന്‍ സന്തോഷവാനാണ്. ഞാന്‍ ഈ ചിത്രം നിര്‍മിക്കുമ്പോള്‍ ഇത് ഇത്രയും ദേശീയ അവാര്‍ഡുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഓസ്‌കാറിന് പരിഗണിക്കുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയതല്ല.” സലിം അഹമ്മദ് പറഞ്ഞു. വിദേശസിനിമകളുടെ വിഭാഗത്തില്‍ നല്ല മത്സരമുണ്ടായിരുന്നെന്നും ആദാമിന്റെ മകന്‍ അബുവിനെ പ്രമോട്ട് ചെയ്യാനായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും സലിം അഹമ്മദ് വ്യക്തമാക്കി.
” ഓസ്‌കാറിനായി ചിത്രത്തെ പ്രമോട്ട് ചെയ്യാനാവശ്യമായ വലിയ തുക തനിക്ക് അപ്രാപ്യമാണ്. പക്ഷെ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്തിട്ടുണ്ട്.” സലിം അഹമ്മദ് പറഞ്ഞു.
തന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരല്ലാതെ ആരും ചിത്രത്തിന്റെ പ്രമോഷനുവേണ്ടി സഹായിച്ചിട്ടില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും, കേന്ദ്രസര്‍ക്കാരിനും കത്തയച്ചിരുന്നു. പക്ഷെ യാതൊരു പ്രതികരണവുമുണ്ടായില്ല. പലവഴികളില്‍ നിന്നായി 50 ലക്ഷം രൂപ കണ്ടെത്തി അഞ്ച്തവണ ചിത്രം ലോസ് ആഞ്ചല്‍സില്‍ പ്രദര്‍ശിപ്പിച്ചു. വിമര്‍ശകരില്‍ നിന്നും, ജൂറിയില്‍ നിന്നുമുണ്ടായ പ്രതികരണം ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നെന്നും സലിംകുമാര്‍ വ്യക്തമാക്കി.
അത്തര്‍വില്പനക്കാരനായ അബുവിന്റെ ഹജ്ജ്‌മോഹങ്ങളെക്കുറിച്ച് പറഞ്ഞ ചിത്രം ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ചിത്രത്തിന് ഓസ്‌കാര്‍ നാമിനിര്‍ദേശ പട്ടികയില്‍ ഇടംനേടാനും കഴിഞ്ഞിരുന്നു. എന്നാല്‍ എന്നാല്‍ ഓസ്‌കാറിനുള്ള അവസാന ഒമ്പതംഗ പട്ടികയില്‍ നിന്നും ചിത്രം പുറത്താവുകയായിരുന്നു.