കരിയറില്‍ താന്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് വോള്‍വെര്‍ഹാം വാണ്ടറേഴ്സിന്റെ സ്പാനിഷ് താരം അദാമ ട്രയോരെ. 2015ല്‍ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ബാഴ്സലോണക്കായി കളിച്ചിട്ടുള്ള താരമാണ് ട്രയോരെ. ആ കാലയളവില്‍ റയല്‍ മാഡ്രിഡിനായി ബൂട്ടുകെട്ടുകയായിരുന്നു റോണോ.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റോണോയെന്നും അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പറയുകയായിരുന്നു ട്രയോരെ. ഇരു കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിവുള്ള താരമാണ് അദ്ദേഹമെന്നും ട്രയോരെ പറഞ്ഞു. സിംപ്ലി ദ ബെസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രയോരെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഫുട്ബോളില്‍ എനിക്കേറ്റവും ഇഷ്ടമുള്ള താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ വളരെ ആകര്‍ഷണീയമാണ്. മാത്രവുമല്ല രണ്ട് കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതിലുള്ള റോണോയുടെ കഴിവും എടുത്തു പറയേണ്ടതാണ്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാള്‍ഡോ, അദാമ ട്രയോരെ പറഞ്ഞു.
റയല്‍ മാഡ്രിഡില്‍ ചെലവഴിച്ച ഒമ്പത് സീസണില്‍ നിന്ന് 450 ഗോളും 131 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 2018ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റ്സിലേക്ക് ചേക്കേറുന്നത്.
തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരത്തെ കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി രണ്ട് വര്‍ഷത്തെ കരാറില്‍ അല്‍ നസര്‍ സ്വന്തമാക്കിയത്. റൊണാള്‍ഡോയുടെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി താരവുമായി സൈനിങ് നടത്തിയതെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അല്‍ ഇത്തിഫാഖിനെതിരെ നടന്ന പോരാട്ടത്തില്‍ അല്‍ നസര്‍ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ഗുസ്താവോയാണ് അല്‍ ആലാമിക്കായി ഗോള്‍ നേടിയത്.
മത്സരത്തില്‍ റൊണാള്‍ഡോക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് ശേഷം താരത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലീഗിന്റെ പതനത്തിനാണ് റൊണാള്‍ഡോയെ അറേബ്യയിലേക്കെത്തിച്ചതെന്നും അദ്ദേഹം അല്‍ നസറിനെ നശിപ്പിച്ചുവെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. റോണോ വഞ്ചകനാണെന്നും അദ്ദേഹം വരുന്നതിന് മുമ്പ് അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നെന്നും ട്വീറ്റുകളുണ്ട്.
സൗദി ലീഗില്‍ ഇതുവരെ നടന്ന 39 മത്സരങ്ങളില്‍ നിന്ന് 19 ജയവും 64 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 21 ജയവും 69 പോയിന്റുമായി അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.
Content Highlights: Adama Traore shares experiences about Cristiano Ronaldo in Real Madrid