'പൊടുന്നനെയുള്ള ഷോട്ടുകള്‍, ഇരു കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താനുള്ള കഴിവ്'; ഇതിഹാസത്തെ വാനോളം പുകഴ്ത്തി സ്പാനിഷ് താരം
Football
'പൊടുന്നനെയുള്ള ഷോട്ടുകള്‍, ഇരു കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താനുള്ള കഴിവ്'; ഇതിഹാസത്തെ വാനോളം പുകഴ്ത്തി സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th May 2023, 12:00 pm

കരിയറില്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് വോള്‍വെര്‍ഹാം വാണ്ടറേഴ്‌സിന്റെ സ്പാനിഷ് താരം അദാമ ട്രയോരെ. 2015ല്‍ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ബാഴ്‌സലോണക്കായി കളിച്ചിട്ടുള്ള താരമാണ് ട്രയോരെ. ആ കാലയളവില്‍ റയല്‍ മാഡ്രിഡിനായി ബൂട്ടുകെട്ടുകയായിരുന്നു റോണോ.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റോണോയെന്നും അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പറയുകയായിരുന്നു ട്രയോരെ. ഇരു കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിവുള്ള താരമാണ് അദ്ദേഹമെന്നും ട്രയോരെ പറഞ്ഞു. സിംപ്ലി ദ ബെസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രയോരെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഫുട്‌ബോളില്‍ എനിക്കേറ്റവും ഇഷ്ടമുള്ള താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ വളരെ ആകര്‍ഷണീയമാണ്. മാത്രവുമല്ല രണ്ട് കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതിലുള്ള റോണോയുടെ കഴിവും എടുത്തു പറയേണ്ടതാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാള്‍ഡോ, അദാമ ട്രയോരെ പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ ചെലവഴിച്ച ഒമ്പത് സീസണില്‍ നിന്ന് 450 ഗോളും 131 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 2018ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റ്‌സിലേക്ക് ചേക്കേറുന്നത്.

തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരത്തെ കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി രണ്ട് വര്‍ഷത്തെ കരാറില്‍ അല്‍ നസര്‍ സ്വന്തമാക്കിയത്. റൊണാള്‍ഡോയുടെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി താരവുമായി സൈനിങ് നടത്തിയതെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.

എന്നാല്‍, സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.

ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.

സൗദി പ്രോ ലീഗില്‍ ബുധനാഴ്ച്ച നടന്ന മത്സരത്തിലും അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ തായിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. അല്‍ ആലാമിക്കായി റൊണാള്‍ഡോയും ടലിസ്‌കയും ഓരോ ഗോള്‍ വീതം നേടി.

സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന 27 മത്സരങ്ങളില്‍ നിന്ന് 18 ജയവും 60 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.

മെയ് 24ന് അല്‍ ശബാബിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Adama Traore praises Cristiano Ronaldo