കരിയറില്‍ താന്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് വോള്‍വെര്‍ഹാം വാണ്ടറേഴ്സിന്റെ സ്പാനിഷ് താരം അദാമ ട്രയോരെ. 2015ല്‍ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ബാഴ്സലോണക്കായി കളിച്ചിട്ടുള്ള താരമാണ് ട്രയോരെ. ആ കാലയളവില്‍ റയല്‍ മാഡ്രിഡിനായി ബൂട്ടുകെട്ടുകയായിരുന്നു റോണോ.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റോണോയെന്നും അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പറയുകയായിരുന്നു ട്രയോരെ. ഇരു കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിവുള്ള താരമാണ് അദ്ദേഹമെന്നും ട്രയോരെ പറഞ്ഞു. സിംപ്ലി ദ ബെസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രയോരെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഫുട്ബോളില്‍ എനിക്കേറ്റവും ഇഷ്ടമുള്ള താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ വളരെ ആകര്‍ഷണീയമാണ്. മാത്രവുമല്ല രണ്ട് കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതിലുള്ള റോണോയുടെ കഴിവ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാള്‍ഡോ, അദാമ ട്രയോരെ പറഞ്ഞു.
റയല്‍ മാഡ്രിഡില്‍ ചെലവഴിച്ച ഒമ്പത് സീസണില്‍ നിന്ന് 450 ഗോളും 131 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 2018ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റ്സിലേക്ക് ചേക്കേറുന്നത്.
തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരത്തെ കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
അതേസമയം, യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ബുധനാഴ്ച ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.
അന്താരാഷ്ട്ര കരിയറില്‍ താരത്തിന്റെ 200ാമത് മത്സരമാണ് ഐസ്‌ലന്‍ഡിനെതിരെ നടന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന പുരുഷ താരത്തിനുള്ള ഗിന്നസ് റെക്കോഡാണ് റോണോ സ്വന്തമാക്കിയിരിക്കുന്നത്.
ആധുനിക ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് താരം. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും പരിശീലകനും തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നത്രയും കാലം താന്‍ നാഷണല്‍ ജേഴ്‌സിയില്‍ തുടരുമെന്നാണ് ഗിന്നസ് നേട്ടത്തിന് ശേഷം റോണോ പറഞ്ഞത്. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.