ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ സ്പിന്നറാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആദം സാംപ. ഏകദിനത്തിലും ടി-20യിലും മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ സാംപക്ക് സാധിച്ചിട്ടില്ല.
ഇപ്പോഴിതാ തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം. ഫൈനല്‍ വേഡ് പോഡ്കാസ്റ്റിലൂടെയാണ് സാംപ ഇക്കാര്യം പറഞ്ഞത്.
‘യഥാര്‍ത്ഥത്തില്‍, എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള അവസരമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞാനിപ്പോള്‍ ബൗളിങ് ചെയ്യുന്ന രീതി നോക്കുമ്പോള്‍ ടെസ്റ്റിലും നല്ല രീതിയില്‍ പന്തെറിയാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ നന്നായി പന്തെറിയുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ കളിച്ച കുറച്ചു മത്സരങ്ങള്‍ നോക്കിയാല്‍ മതി. വരാനിരിക്കുന്ന ടെസ്റ്റ് ടീമില്‍ എന്നെ തെരഞ്ഞെടുത്താല്‍ ആളുകള്‍ പറയും ‘അവന്റെ ബൗളിങ് ശരാശരി 46 ആണ്, അതുകൊണ്ട് അവനെ തെരഞ്ഞെടുത്തത് ശരിയായില്ല’ എന്നൊക്കെ. പക്ഷേ, എന്നെ ടീമില്‍ തെരഞ്ഞെടുത്താല്‍ ഞാന്‍ എങ്ങനെ ബൗള്‍ ചെയ്യുമെന്ന് ഞാന്‍ കാണിച്ചു തരാം,’ ആദം സാംപ പറഞ്ഞു.
2017 മുതല്‍ വെറും ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് സാംപ പന്തെറിഞ്ഞിട്ടുള്ളത്. തന്റെ ക്രിക്കറ്റ് കരിയര്‍ 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 111 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 99 മത്സരങ്ങളില്‍ നിന്നും 169 വിക്കറ്റുകളും കുട്ടി ക്രിക്കറ്റില്‍ 87 മത്സരങ്ങളില്‍ നിന്നും 105 വിക്കറ്റും താരം നേടിയിട്ടുണ്ട്.
അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സാംപ നടത്തിയിരുന്നത്. 13 വിക്കറ്റുകളാണ് താരം ലോകകപ്പില്‍ നേടിയത്. ലോകകപ്പില്‍ ഒരുപിടി മികച്ച നേട്ടങ്ങളും സാംപ സ്വന്തമാക്കിയിരുന്നു.
ടി-20യില്‍ ഓസ്ട്രേലിയക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരം, ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം എന്നീ നേട്ടങ്ങളാണ് സാംപ കൈപ്പിടിയിലാക്കിയത്. 31 വിക്കറ്റുകളാണ് താരം ലോകകപ്പില്‍ നേടിയിട്ടുള്ളത്. 29 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ മറികടന്നു കൊണ്ടായിരുന്നു സാംപയുടെ മുന്നേറ്റം.
Content Highlight: Adam Zampa Talks About He can play Test Cricket