ഐ.സി.സി ടി-20 ലോകകപ്പില്‍ നമിബിയയെ ഒമ്പത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഓസ്ട്രേലിയ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആദം സാംപക്ക് മുന്നിലാണ് നമീബിയന്‍ ബാറ്റിങ് നിര മുട്ടുമടക്കിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സാംപ സ്വന്തമാക്കിയത്. ടി-20യില്‍ ഓസ്‌ട്രേലിയക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സാംപ സ്വന്തമാക്കിയത്. 82 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയത്.
ടി-20യില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, മത്സരങ്ങളുടെ എണ്ണം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ആദം സാംപ-82-100*
മിച്ചല്‍ സ്റ്റാര്‍ക്ക്-62-76
ജോഷ് ഹേസല്‍വുഡ്-48-64
പാറ്റ് കമ്മിന്‍സ്-54-60
ഇതിനുപുറമേ മറ്റൊരു ചരിത്രം നേട്ടവും സാംപ സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനും സാംപക്ക് സാധിച്ചു. 31 വിക്കറ്റുകളാണ് താരം ലോകകപ്പില്‍ നേടിയിട്ടുള്ളത്. 29 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ മറികടന്നു കൊണ്ടായിരുന്നു സാംപയുടെ മുന്നേറ്റം.
സാംപക്ക് പുറമെ ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോണീസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ്, നഥാന്‍ എലിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
43 പന്തില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസാണ് നമിബിയന്‍ ബാറ്റിങ് നിരയില്‍ മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്.
അതേസമയം ഓസ്ട്രേലിയക്കായി ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് നല്‍കിയത്. വാര്‍ണര്‍ മൂന്ന് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ എട്ട് പന്തില്‍ 20 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
അഞ്ച് ഫോറുകളും രണ്ട് സിക്സും ഉള്‍പ്പെടെ 17 പന്തില്‍ പുറത്താവാതെ 34 റണ്‍സ് നേടി കൊണ്ടായിരുന്നു ഹെഡിന്റെ വെടിക്കെട്ട് പ്രകടനം. ഒടുവില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ച്ച് ഒമ്പത് പന്തില്‍ പുറത്താവാതെ 18 റണ്‍സും നേടിയപ്പോള്‍ ഓസീസ് അനായാസം ജയം നേടുകയായിരുന്നു.
ജയത്തോടെ മൂന്ന് കളികളില്‍ നിന്നും ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും ഓസ്ട്രേലിയയിലേക്ക് സാധിച്ചു. ജൂണ്‍ 16ന് സ്‌കോട്ലാന്‍ഡിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.
Content Highlight: Adam Zampa create a new Record in T20