| Wednesday, 12th June 2024, 2:11 pm

ഇങ്ങനെയൊരു റെക്കോഡ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ലോകറെക്കോഡിൽ ഓസീസ് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ നമിബിയയെ ഒമ്പത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഓസ്ട്രേലിയ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ മിച്ചല്‍ മാര്‍ഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓസീസ് ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് ആദം സാംപ നടത്തിയത്. നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ടി-20യില്‍ ഓസ്‌ട്രേലിയക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി മാറാന്‍ ആദം സാംപക്ക് സാധിച്ചിരുന്നു. 83 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 21.46 ആവറേജിലും 7.20 എക്കണോമിയിലുമാണ് താരം പന്തറിഞ്ഞത്. ഇതിനു പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരം പോലും കളിക്കാതെ ഏകദിനത്തിലും ടി-20യിലും 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സാംപ സ്വന്തം പേരില്‍ കുറിച്ചത്. ഓസ്‌ട്രേലിയക്കായി 99 ഏകദിന മത്സരങ്ങളില്‍ നിന്നും 169 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 28.05 ശരാശരിയിലും 5.47 എക്കണോമിയുമാണ് താരത്തിനുള്ളത്.

ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും എട്ട് വിക്കറ്റുകളാണ് സാംപ നേടിയിട്ടുള്ളത്. 8.00 ആവറേജിലും 5.3 ശരാശരിയിലും പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ താരം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ആദം സാംപ. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറിയിരുന്നു.

ഈ സീസണില്‍ 1.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഓസ്ട്രേലിയന്‍ സ്പിന്നറെ ടീമില്‍ നിലനിര്‍ത്തിയിരുന്നത്. 2023 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആറുമത്സരങ്ങളിലാണ് ഓസ്ട്രേലിയന്‍ സ്പിന്നര്‍ കളിച്ചത്. ഇതില്‍ 8.54 എക്കണോമിയില്‍ എട്ട് വിക്കറ്റുകള്‍ ആണ് താരം നേടിയത്.

സാംപക്ക് പുറമെ ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോണീസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ്, നഥാന്‍ എലിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ജയത്തോടെ ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും ഓസ്ട്രേലിയക്ക് സാധിച്ചു. ജൂണ്‍ 16ന് സ്‌കോട്ലാന്‍ഡിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.

Content Highlight: Adam Zampa create a new Record in T20

We use cookies to give you the best possible experience. Learn more