മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖതാരമായിരുന്നു.
ചിത്രത്തിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു. ഇപ്പോള്‍ ജാങ്കോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ആദം സാബിക്.
താന്‍ മമ്മൂട്ടിയെ ആദ്യമായി കാണുന്നത് അദ്ദേഹം അബ്രഹാം ഓസ്ലറിന്റെ ഷൂട്ടിന് ജോയിന്‍ ചെയ്യുന്ന സമയത്താണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അതെന്നും താരം പറയുന്നു.
‘മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് ഇക്ക അബ്രഹാം ഓസ്ലറിന്റെ ഷൂട്ടിന് ജോയിന്‍ ചെയ്യുന്ന സമയത്താണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റ് ആയിരുന്നു അത്. അന്ന് അദ്ദേഹം ഞങ്ങളുടെ മുന്നില്‍ കാറില്‍ വന്നിറങ്ങി. ഗ്രാന്‍ഡ് എന്‍ട്രിയായിരുന്നു അത്.
ഞാന്‍ സത്യത്തില്‍ വാ പൊളിച്ച് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തെ കണ്ണെടുക്കാന്‍ പറ്റാതെ നോക്കി നിന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൈ കൊടുത്ത് സംസാരിക്കുകയാണ് അദ്ദേഹം. ഞാന്‍ ഇതൊക്കെ കൈ കെട്ടി നോക്കി നില്‍ക്കുകയാണ്. എന്നെ അദ്ദേഹം മൈന്‍ഡ് ചെയ്യുമെന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആ സമയത്ത് അദ്ദേഹം പെട്ടെന്ന് തന്റെ വലത് ഭാഗത്തായി കൈ കെട്ടി വാ പൊളിച്ച് നില്‍ക്കുന്ന എന്റെ നേരെ തിരിയുന്നത്. എനിക്കും അദ്ദേഹം കൈ തന്നു. ഞാന്‍ ആകെ കിളിപോയ അവസ്ഥയിലായി. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പോലെ ഒരാള്‍ എനിക്ക് കൈ തരുമെന്ന് കരുതിയിരുന്നില്ല.
ഒരു മാസം മുമ്പോ മറ്റോ ആണ് അദ്ദേഹം എന്റെ ഫോട്ടോ കണ്ടത്. അങ്ങനെയുള്ളപ്പോള്‍ എന്നെ മൈന്‍ഡ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം അന്ന് എന്നോട് സംസാരിച്ചിട്ടാണ് ക്യാരവാനിലേക്ക് പോയത്. അത് എനിക്ക് ഒരിക്കലും മറക്കാനാവില്ല,’ ആദം സാബിക് പറഞ്ഞു.
Content Highlight: Adam Sabiq Talks About Mammootty’s Grand Entry In Abraham Ozler Location