അബ്രഹാം ഓസ്ലര്‍; മമ്മൂക്കയുടെ ചെറുപ്പമാണ് ചെയ്യേണ്ടതെന്നറിഞ്ഞപ്പോള്‍ പേടിയായിരുന്നു; കാരണം...
Film News
അബ്രഹാം ഓസ്ലര്‍; മമ്മൂക്കയുടെ ചെറുപ്പമാണ് ചെയ്യേണ്ടതെന്നറിഞ്ഞപ്പോള്‍ പേടിയായിരുന്നു; കാരണം...
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th January 2024, 2:13 pm

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അതിഥിവേഷത്തിലെത്തിയിരുന്നു.

ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖ നടനായിരുന്നു. മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള സാബിക്കിന്റെ ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ കഥാപാത്രം അവതരിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആദം സാബിക്. തന്റെ ആദ്യ സിനിമയാണ് അബ്രഹാം ഓസ്ലറെന്നും നല്ല അഭിപ്രായങ്ങള്‍ വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

മമ്മൂട്ടിയുടെ ചെറുപ്പകാലമാണ് ചെയ്യേണ്ടത് എന്നറിഞ്ഞപ്പോള്‍ തനിക്ക് പേടിയായിരുന്നുവെന്നും ആ കഥാപാത്രം ചെയ്യുക എന്നത് വലിയ ടാസ്‌ക്കായിരുന്നുവെന്നും ആ കഥാപാത്രം ആളുകളെ കണ്‍വീന്‍സ് ചെയ്യിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും ആദം സാബിക് കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ ഞാന്‍ മമ്മൂക്കയുടെ ചെറുപ്പകാലമാണ് അഭിനയിക്കുന്നത്. അലക്‌സാണ്ടര്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എന്റെ ആദ്യ സിനിമയാണ് ഓസ്ലര്‍. ഇത്രയും നല്ല സിനിമയില്‍ നല്ല ബാനറില്‍ നല്ല ഒരു നടന്റെ കീഴില്‍ സിനിമ ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. നല്ല അഭിപ്രായങ്ങള്‍ വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്, മെസേജ് ചെയ്യുന്നുമുണ്ട്.

മമ്മൂക്കയുടെ ചെറുപ്പകാലമാണ് ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ പേടിയായിരുന്നു. അത്രയും വലിയ മനുഷ്യന്റെ ചെറുപ്പക്കാലം ചെയ്യുക എന്നത് വലിയ ടാസ്‌ക് ആയിരുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഓഡിയന്‍സിനും ഇഷ്ടമുള്ള താരമാണ് അദ്ദേഹം. മമ്മൂക്കയുടെ ചെറുപ്പം ചെയ്യുമ്പോള്‍ അത് ആളുകളെ കണ്‍വീന്‍സ് ചെയ്യിപ്പിക്കുക എന്നത് വലിയ കാര്യമാണ്.

അതിന് കഴിഞ്ഞില്ലെങ്കില്‍ ഇവനെ കൊണ്ടുവന്നത് കൊണ്ടാണല്ലോ ആ കഥാപാത്രം ശരിയാവാതിരുന്നത് എന്ന് എന്നെ ഈ സിനിമയിലേക്ക് കൊണ്ടുവന്നവര്‍ പഴികേള്‍ക്കും. അത് എന്നെ ഒരുപാട് വിഷമിപ്പിക്കും. അത് വലിയ ഉത്തരവാദിത്തം ആയിരുന്നു. മിഥുന്‍ ചേട്ടന് അലക്‌സാണ്ടറിന്റെ ചെറുപ്പം എങ്ങനെയാകണം എന്ന ധാരണ ഉണ്ടായിരുന്നു. എങ്ങനെ നടക്കണം, അവന്‍ എങ്ങനെ സംസാരിക്കണം എന്ന് പോലും അദ്ദേഹം ആദ്യം തന്നെ മനസില്‍ കണ്ടിരുന്നു,’ ആദം സാബിക് പറഞ്ഞു.

സാബിക്കിനൊപ്പം നാല് പുതുമുഖ താരങ്ങള്‍ കൂടെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ് എന്നിവരായിരുന്നു അവര്‍.

ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും ഈ പുതുമുഖ താരങ്ങള്‍ക്കും പുറമെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിക്കുന്നുണ്ട്.


Content Highlight: Adam Sabiq Talks About Mammootty And Abraham Ozler