| Saturday, 13th January 2024, 8:39 pm

അബ്രഹാം ഓസ്ലര്‍; ഇപ്പോള്‍ എക്‌സൈറ്റ്‌മെന്റിന്റെ പീക്കിലാണ് ഞാന്‍; ഇനി മമ്മൂക്ക വിളിച്ചാല്‍ അറ്റാക്ക് വരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അതിഥിവേഷത്തിലെത്തിയിരുന്നു.

ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖ നടനായിരുന്നു. മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള സാബിക്കിന്റെ ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തന്നെ ഫോണ്‍ ചെയ്താല്‍ എന്താകും തന്റെ പ്രതികരണമെന്ന് പറയുകയാണ് താരം. ഇപ്പോള്‍ തന്നെ താന്‍ എക്‌സൈറ്റ്‌മെന്റിന്റെ പീക്കിലാണ് നില്‍ക്കുന്നതെന്നും ഇനി അദ്ദേഹം വിളിക്കുക കൂടെ ചെയ്താല്‍ തനിക്ക് അറ്റാക്ക് വരുമെന്നും സാബിക് പറഞ്ഞു.

സാബിക്കിനൊപ്പം ആ അഭിമുഖത്തില്‍ ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ് എന്നീ നാല് പുതുമുഖ താരങ്ങള്‍ കൂടെയുണ്ടായിരുന്നു. മമ്മൂട്ടി അബ്രഹാം ഓസ്ലര്‍ തിയേറ്ററില്‍ എത്തിയതിന് ശേഷം വിളിച്ചിരുന്നോ എന്ന് അവതാരക സാബിക്കിനോട് ചോദിച്ചപ്പോള്‍ അതിന് മറുപടി പറയുകയായിരുന്നു താരം.

‘ഇപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റ്‌മെന്റിന്റെ പീക്കിലാണ് നില്‍ക്കുന്നത്. ഇനി അദ്ദേഹം വിളിക്കുക കൂടെ ചെയ്താല്‍ എനിക്ക് അറ്റാക്ക് വരും,’ ആദം സാബിക് പറഞ്ഞു.

ചിത്രത്തില്‍ ജഗദീഷിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച താരമായിരുന്നു ശിവരാജ്. തങ്ങള്‍ മമ്മൂട്ടിയുടെയും ജയറാമിന്റെയും വലിയ ആരാധകരാണെന്നും നേരിട്ട് കണ്ടാല്‍ അവരോടുള്ള സ്‌നേഹം കാരണം മിണ്ടാന്‍ മടിയാണെന്നും അപ്പോള്‍ മമ്മൂട്ടി സാബിക്കിനെ വിളിച്ചാല്‍ ഉള്ള അവന്റെ അവസ്ഥയെന്താകുമെന്ന് തനിക്ക് അറിയാമെന്നും ശിവരാജ് പറയുന്നു.

‘നമ്മള്‍ മമ്മൂക്കയുടെയും ജയറാമേട്ടന്റെയും വലിയ ഫാന്‍സാണ്. നേരിട്ട് കണ്ടാല്‍ അവരോടുള്ള സ്‌നേഹം കാരണം മിണ്ടാന്‍ മടിയാണ്. അപ്പോള്‍ മമ്മൂക്ക വിളിച്ചാല്‍ ഉള്ള സാബിക്കിന്റെ അവസ്ഥ എന്താകുമെന്ന് എനിക്ക് അറിയാം,’ ശിവരാജ് പറഞ്ഞു.

ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും ഈ പുതുമുഖ താരങ്ങള്‍ക്കും പുറമെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിക്കുന്നുണ്ട്.


Content Highlight: Adam Sabiq Talks About Mammootty

We use cookies to give you the best possible experience. Learn more