ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ പുതുമുഖതാരമാണ് ആദം സാബിക്. ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് സാബിക്കായിരുന്നു.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചപ്പോള്‍ എന്താണ് അദ്ദേഹത്തില്‍ നിന്ന് പഠിച്ചതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
എത്ര രാത്രിയായാലും ഷൂട്ട് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന എനര്‍ജിയില്‍ തന്നെയാകും അവസാനം വരെ മമ്മൂട്ടി ഉണ്ടാവുകയെന്നും അദ്ദേഹത്തിന്റെ ഈ എനര്‍ജി തന്നെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ടെന്നും ആദം സാബിക് പറഞ്ഞു.
‘മമ്മൂക്കയുടെ ഷൂട്ടിങ് മിക്കപ്പോഴും രാത്രിയിലാകും. ഞാന്‍ ഇടക്ക് ഷൂട്ട് കാണാന്‍ പോകാറുണ്ട്. എത്ര രാത്രിയായാലും ഷൂട്ട് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന എനര്‍ജിയില്‍ തന്നെയാകും അവസാനം വരെ മമ്മൂക്ക ഉണ്ടാവുക. മമ്മൂക്കയുടെ ഈ എനര്‍ജി എന്നെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സിനിമയോട് ഒരുപാട് കമ്മിറ്റ്‌മെന്റുമുണ്ട്.
പിന്നെ മമ്മൂക്ക ലൊക്കേഷനിലേക്ക് വരുന്ന സമയത്തെ കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരുപാട് വലിയ സീനിയറാണ്. അദ്ദേഹം ലൊക്കേഷനിലെത്താന്‍ ഒരു അഞ്ചോ പത്തോ മിനിട്ട് വൈകിയാല്‍ പോലും അദ്ദേഹത്തോട് ആരും ദേഷ്യപ്പെടില്ലെന്ന് ഉറപ്പാണ്.
എന്നാല്‍ രാവിലെ എട്ട് മണിക്കാണ് ഷൂട്ട് ഉള്ളതെങ്കില്‍ എഴേ അമ്പത്തിയഞ്ചിന് റെഡിയായി ഇക്ക അവിടെ ഉണ്ടാകും. അത് ശരിക്കും ഞങ്ങളെ പോലെയുള്ളവര്‍ കണ്ട് പഠിക്കേണ്ട ഒന്നാണ്. ലൊക്കേഷനില്‍ അവര്‍ സീനിയേര്‍സ് ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളും നമുക്ക് ഒരുപാട് പഠിക്കാന്‍ ഉള്ളതാണ്,’ ആദം സാബിക് പറയുന്നു.
മമ്മൂട്ടിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് തനിയാവര്‍ത്തനത്തിലെയും വാത്സല്യത്തിലെ കഥാപാത്രങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും പക്ഷെ ആരോട് ചോദിച്ചാലും മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ മാത്രമായിട്ട് പറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞു.
‘മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം തനിയാവര്‍ത്തനത്തിലെ കഥാപാത്രമാണ്. പിന്നെ വാത്സല്യത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രവും എനിക്ക് ഇഷ്ടമാണ്. സത്യത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ ഇഷ്ടമാണ്.
ആരോട് ചോദിച്ചാലും മമ്മൂക്കയുടെ ഒരു കഥാപാത്രത്തെ മാത്രമായിട്ട് പറയാന്‍ പറ്റില്ല. അങ്ങനെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും ചെയ്ത് വെച്ചിട്ടുള്ളത്,’ ആദം സാബിക് പറയുന്നു.
Content Highlight: Adam Sabiq Talks About Mammootty