Film News
എനിക്ക് മമ്മൂക്കയുടെ മുഖസാദൃശ്യമുള്ളത് കൊണ്ടല്ല ഓസ്ലറിലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു: ആദം സാബിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 19, 05:22 am
Friday, 19th January 2024, 10:52 am

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. അദ്ദേഹം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്ലര്‍.
ചിത്രം ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

അതിനാല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ അബ്രഹാം ഓസ്ലറിന് വേണ്ടി കാത്തിരുന്നത്. ഈ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ജയറാമിനൊപ്പം മമ്മൂട്ടിയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

ചിത്രത്തിലെ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖതാരമായിരുന്നു.

ഓസ്ലറിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു. ഒപ്പം സാബിക്കിന് മമ്മൂട്ടിയുടെ മുഖസാദൃശ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ എപ്പോഴാണ് മമ്മൂട്ടിയുടെ മുഖസാദൃശ്യമുളളതായി തോന്നിയത് എന്ന ചോദ്യത്തിനുള്ള മറുപടി പറയുകയാണ് സാബിക്.

തനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നും തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത പ്രിന്‍സ് ജോയ് പറഞ്ഞത്, മമ്മൂട്ടിയുടെ സാദൃശ്യമുള്ളത് കൊണ്ടല്ല തന്നെ സിനിമയില്‍ എടുത്തത് എന്നാണെന്നും താരം പറഞ്ഞു.

‘എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. പിന്നെ പ്രിന്‍സേട്ടന്‍ എന്നോട് പറയാറുള്ളത് നിനക്ക് മമ്മൂക്കയുടെ സാദൃശ്യമുള്ളത് കൊണ്ടല്ല നിന്നെയെടുത്തത് എന്നാണ്. എന്തൊക്കെയോ എവിടെയോ നിനക്ക് കഴിയുമെന്ന് തോന്നിയത് കൊണ്ടാണ് നീ ഈ സിനിമയില്‍ വന്നത്.

അല്ലാതെ നിനക്ക് മമ്മൂക്കയുടെ സാദൃശ്യമില്ല എന്ന് പ്രിന്‍സേട്ടന്‍ പറഞ്ഞിട്ടുണ്ട്. ശരിയാണ് എനിക്ക് അങ്ങനെ അദ്ദേഹത്തിന്റെ മുഖ സാദൃശ്യമൊന്നുമില്ല. എല്ലാം എന്റെ ഭാഗ്യമാണ്, സിനിമ ഒരുപാട് ആഗ്രഹിച്ചതാണ് ഞാന്‍,’ ആദം സാബിക് പറയുന്നു.


Content Highlight: Adam Sabiq Talks About His Resemblance To Mammootty