| Tuesday, 16th January 2024, 5:01 pm

വീട്ടിലോ കൂട്ടുകാരോടോ പറയാതെ അബ്രഹാം ഓസ്ലറില്‍ അഭിനയിച്ചു; എന്നാല്‍...: ആദം സാബിക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പുതിയ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖതാരമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു.

ഇപ്പോള്‍ ജാങ്കോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ആദം സാബിക്. താന്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം വീട്ടില്‍ അറിയില്ലായിരുന്നു എന്നാണ് സാബിക്ക് പറയുന്നത്.

എന്തുകൊണ്ടാണ് വീട്ടില്‍ പറയാതിരുന്നതെന്നും അവര്‍ സപ്പോര്‍ട്ട് ചെയ്യില്ലേ എന്നും ചോദിച്ചപ്പോള്‍ വീട്ടില്‍ ആരും തന്നെ സപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ടല്ല താന്‍ പറയാതിരുന്നതെന്ന് താരം പറയുന്നു.

തനിക്ക് സിനിമയില്‍ അഭിനയിക്കുന്ന കാര്യം ആരോടും പറയാതെ അതിന്റെ റിസള്‍ട്ട് കാണിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സാബിക് പറഞ്ഞു.

എന്നാല്‍ കുറച്ച് നാള്‍ അത്തരത്തില്‍ മറച്ചുവെക്കാന്‍ സാധിച്ചെങ്കിലും തന്റെ കൂട്ടുക്കാര്‍ അത് കണ്ടുപിടിച്ചെന്നും താരം പറയുന്നു. പിന്നീട് വീട്ടില്‍ അറിഞ്ഞപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണമെന്നും സാബിക് അഭിമുഖത്തില്‍ പങ്കുവെച്ചു.

‘വീട്ടില്‍ സപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ടായിരുന്നില്ല അവരോട് പറയാതിരുന്നത്. എനിക്ക് എന്തോ അത് ആരോടും പറയാതെ പോയിട്ട് അതിന്റെ റിസള്‍ട്ട് കാണിക്കണം എന്നായിരുന്നു ആഗ്രഹം. കുറച്ച് നാള്‍ ഷൂട്ടിന്റെ പ്രോസസ് ഇങ്ങനെ മറച്ചു വെക്കാന്‍ സാധിച്ചു.

എന്നാല്‍ എന്റെ ഒന്ന് രണ്ട് കൂട്ടുക്കാര്‍ ഈ കാര്യം കണ്ടുപിടിച്ചു. വീട്ടില്‍ ഉമ്മയോടും ബാപ്പയോടും പിന്നെ കൂട്ടുക്കാരോടും പറയാതെ ഒറ്റ മുങ്ങല്‍ മുങ്ങുകയായിരുന്നു ഞാന്‍ ചെയ്തത്. ജൂണ്‍ 25ന് എന്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞു. 26ന് കോഴിക്കോട് വന്നു. 27ന് ഷൂട്ട് തുടങ്ങി.

പകുതിയോളം എനിക്ക് മറച്ചു വെക്കാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നെ കൂട്ടുക്കാര്‍ അത് കണ്ടുപിടിച്ചു. വീട്ടില്‍ കാര്യം അറിഞ്ഞപ്പോള്‍ നല്ല അഭിപ്രായം ആയിരുന്നു അവര്‍ പറഞ്ഞത്. അവരൊന്നും ഓവര്‍ എക്‌സൈറ്റഡ് ആകുന്നവരല്ല. സിനിമ എന്റെ സ്വപ്നമായിരുന്നു,’ ആദം സാബിക് പറയുന്നു.


Content Highlight: Adam Sabiq Says He Acted on Abraham Ozler without telling home

We use cookies to give you the best possible experience. Learn more