SPOILER ALERT
മൈക്ക് സിനിമ ഇന്ന് വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീര്‍ത്തത്. ചിത്രം തുടങ്ങുമ്പോള്‍ ഉള്ള സ്ത്രീവിരുദ്ധതയും ട്രാന്‍സ് വിരുദ്ധതയുമുള്ള ‘ലഡ്കി’ എന്ന പാട്ടും, പള്ളീലച്ഛന്റെ ബൈബിളിലെ ഹവ്വയുടെ അനുസരണക്കേടിന്റെ പരാമര്‍ശത്തിലൂടെയാണ് തുടക്കം, നായകനെ ഒരു രക്ഷകനാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്. കൂടാതെ ഒരു പുരുഷനായിരിക്കുക എന്നത് മദ്യപാനവും പുകവലിയും ആണെന്ന് വിശ്വസിക്കുന്ന സാറ ജെന്റര്‍ അഫിര്‍മെറ്റീവ് സര്‍ജറിക്ക് തയ്യാറാകുന്നു.
അതിനു സാറ കാണുന്ന കാരണങ്ങള്‍ ആശങ്കയില്ലാതെ ആരുടെ അടുത്തും ഉറങ്ങാന്‍ കഴിയുക, പാചകം ചെയ്യാതിരിക്കാന്‍ പറ്റുക, സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുക, എവിടെയും മൂത്രമൊഴിക്കുക, വൈകുന്നേരം 6 മണിക്ക് ശേഷം റോഡിലൂടെ നടന്ന് സ്വാതന്ത്ര്യം ആസ്വദിക്കുക. മിക്ക പ്രതികരണങ്ങളും അവരുടെ മാതാപിതാക്കളോടുള്ള പ്രതിഷേധമായി തോന്നുന്നു. ബലഹീനനായ ഭര്‍ത്താവിനെ അവഗണിച്ച് മറ്റൊരു കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച അമ്മയും, അവളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത അച്ഛനും ഒക്കെ സാറയുടെ ട്രാന്‍സിഷന്‍ ചെയ്യാനുള്ള കാരണങ്ങളായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമ മുഴുവന്‍ കണ്ടുതീര്‍ത്തപ്പോള്‍ അര്‍ജുന്‍ റെഡ്ഡിയും നീനയും ഒരുമിച്ച് കണ്ട ഒരു ഫീല്‍ ആയിരുന്നു. ചിത്രത്തിലുടനീളം മറ്റുള്ളവര്‍ ആന്റണി എന്ന നായകനോട് സാറയുടെ ട്രാന്‍സിഷനെ കുറിച്ച് ചോദിക്കുമ്പോള്‍ അത് സാറയുടെ തീരുമാനമാണെന്ന് അവരോട് പറയുന്നുണ്ടെങ്കിലും സാറയെ പലതവണയായി ആന്റണി മാനിപുലേറ്റ് ചെയ്യുന്നുണ്ട്. ‘സാധനം മാറ്റിവെക്കണോ?’, ഞാനിപ്പോള്‍ തന്നെ ആണാണ് എന്ന് പറയുമ്പോള്‍ ‘അപ്പോള്‍ പിന്നെ എന്തിനാണ് സര്‍ജറി ചെയ്യുന്നത്?’ എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുമുണ്ട്.
ട്രാന്‍സ് വ്യക്തികള്‍ മറ്റുള്ളവരില്‍നിന്നും എപ്പോഴും കേള്‍ക്കുന്ന ചില ചോദ്യങ്ങളാണിവ. അതുപോലെതന്നെ ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ അമ്മയുടെ കാമുകന്റെ അടുത്തുനിന്നുണ്ടായ മോശം അനുഭവവും സാറയുടെ ട്രാന്‍സിഷന്‍ ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്നായി കാണിക്കുന്നുണ്ട്. അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമാണ് ഒരാളെ ട്രാന്‍സിഷന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്നുള്ള തെറ്റായ ധാരണ ഊട്ടിയുറപ്പിക്കുകയാണ് സിനിമയിലുടനീളം.
ജെന്ററിന്റെ പേരില്‍ ഒപ്രഷന്‍ അനുഭവിച്ച സാറ തന്നെ ”എന്താണ് ഒരുമാതിരി പെമ്പിള്ളേരെ പോലെ? ‘ എന്നൊക്കെ ആന്റണിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ഈ സംഭവ ബഹുലമായ വിഷയങ്ങള്‍ക്കിടയിലും ഫീമെയില്‍ സെക്‌സ് അസൈന്‍ഡായിട്ടുള്ള ക്വീര്‍ വ്യക്തികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ സ്ഥിരമായി കമന്റ് ബോക്‌സില്‍ കാണപ്പെടുന്ന പെണ്ണുകിട്ടാത്ത സേട്ടന്മാരുടെ വ്യാകുലതകള്‍പ്പോലെ അതിലൊരു സിംഗിള്‍ സേട്ടന്‍ ‘പെമ്പിള്ളേര്‍ എല്ലാം ഇങ്ങനെ തുടങ്ങിയാല്‍ ആണുങ്ങള്‍ക്ക് പെണ്ണ് കിട്ടുമോ’ എന്ന ആശങ്കയും വിളമ്പുന്നുണ്ട്.
അങ്ങനെ മാസങ്ങളായി ട്രാന്‍സിഷനെ കുറിച്ച് തീരുമാനമെടുത്ത സാറ നമ്മുടെ രക്ഷകന്‍ ഏട്ടനെയോര്‍ത്ത് സര്‍ജറി ചെയ്യാന്‍ പോകുന്ന സമയം പൊട്ടി കരയുന്നുണ്ട്. എന്നിട്ട് ഇത്രയധികം ട്രാന്‍സ്ഫോബിയ അവതരിപ്പിച്ചതിനെ ബാലന്‍സ് ചെയ്യാന്‍ അവസാനം ഒരു ട്രാന്‍സ്‌മെനായ സൈക്കോളജിസ്റ്റ്, പുരുഷ കേന്ദ്രികൃതമായ സമൂഹത്തില്‍ പ്രിവിലേജുകള്‍ കിട്ടാനുള്ള സാറയുടെ ആഗ്രഹമാണ് ഇങ്ങനെ തോന്നിച്ചത്, സാറ സാറയായിട്ടിരിക്കാന്‍ പറഞ്ഞ്, നേരെ കഥനായകനെ പോയി കണ്ട് കെട്ടിപിടിക്കുന്നതിലൂടെ കഥ അവസാനിപ്പിക്കുന്നുണ്ട്.
മാര്‍ക്കെറ്റിങ്ങിനും വ്യത്യസ്ഥതക്കും വേണ്ടി ട്രാന്‍സ് വിഷയം ഒരു റിസര്‍ച്ചും ചെയ്യാതെ ഇടക്ക് കുത്തി കയറ്റി അവസാനം ഇത് ട്രാന്‍സ് വിഷയമല്ലെന്ന് പറഞ്ഞുവെക്കുമ്പോഴും, ട്രാന്‍സ് വ്യക്തികളെ മോശമായി ബാധിക്കുന്ന ഒരുപാട് ട്രാന്‍സ്ഫോബിക് ഇലമെന്റ്‌സ് ഈ സിനിമയില്‍ ഉടനീളം ഉണ്ട്
Content Highlight: Adam Harry’s write about mike movie