ഐ.സി.സി ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സ്വപ്നതുല്യമായ കുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തുന്നത്. തുടര്‍ച്ചയായ എട്ട് മത്സരങ്ങള്‍ വിജയിച്ചു കൊണ്ട് ആദ്യമായി സെമിയിലേക്ക് യോഗ്യത നേടിയ ടീമായും ഇന്ത്യ മാറിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്.
ലോകകപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ഏത് ടീമിനും ഇന്ത്യയെ തോല്‍പ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്.
‘മത്സരങ്ങളില്‍ ഇന്ത്യ എങ്ങനെ മുന്നേറുന്നു എന്ന് നോക്കുമ്പോള്‍ ടോസ് നേടിയാല്‍ ആദ്യം ഡേറ്റ് ചെയ്യണം. അവര്‍ക്ക് ചേസിങ്ങില്‍ ദൗര്‍ബല്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം വിരാട് കോഹ്ലിയെ പോലുള്ള എക്കാലത്തെയും മികച്ച ചേസിങ് താരങ്ങളാണ് ഇന്ത്യക്കുള്ളത്,’ ഗില്‍ഗ്രിസ്റ്റ് ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.
ഇന്ത്യന്‍ ബൗളിങ് നിരയുടെ മികച്ച പ്രകടനങ്ങളെക്കുറിച്ചും ഓസ്‌ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
‘ഇന്ത്യന്‍ ബൗളിങ് നിര പകല്‍ സമയങ്ങളില്‍ അല്പം മങ്ങിപ്പോകും. സിറാജും ഷമിയും ബുംറയുമെല്ലാം മികച്ച താരങ്ങളാണ് എന്നാല്‍ പകല്‍ വെളിച്ചത്തില്‍ അവര്‍ക്കെതിരെ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കും,’ ഗില്‍ഗ്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ എട്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ ടീം ഒരുപിടി അവിസ്മരണീയ റെക്കോഡുകളും നിമിഷങ്ങളും ആണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന താരങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്.
നിലവില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞത്. നാലാമതായി സെമിയിലേക്ക് മുന്നേറുന്ന ടീം ന്യൂസിലാന്‍ഡോ പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആവാനാണ് സാധ്യത.
ഇതില്‍ ഏത് ടീമാണോ യോഗ്യത നേടുന്നത് അവരുമായിട്ടായിരിക്കും ഇന്ത്യ സെമിഫൈനലില്‍ കൊമ്പുകോര്‍ക്കുക.
2011ല്‍ ധോണിയുടെ കീഴില്‍ നേടിയ ലോകകപ്പ് വിജയത്തിന്റെ ആവര്‍ത്തനമാവും രോഹിത്തിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുക.
Content Highlight: Adam Gilchrist talks how India can be beaten in 2023 World Cup.