| Wednesday, 21st August 2024, 8:39 pm

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് യൂണിറ്റ് അവരുടേതാണ്: ആദം ഗിൽക്രിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോള്‍ ആവേശകരമായ ഈ പരമ്പരയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യക്ക് ബൗളിങ് മികച്ചതാണെന്നും ഇത് ഓസ്‌ട്രേലിയന്‍ ടീമിനെ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുമാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

‘ഇത് രണ്ട് ടീമുകള്‍ക്കും കണ്ടിനുമായ ഒരു പരമ്പര ആയിരിക്കും. വിദേശത്ത് പോയി ജയിക്കാന്‍ ഇന്ത്യക്ക് നന്നായി അറിയാം. അവരുടെ ഫാസ്റ്റ് ബൗളിങ് ലൈനപ്പ് ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. ഇതിന് പുറമേ ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് നിരയുമുണ്ട്. അതുകൊണ്ടുതന്നെ ഈ പരമ്പര തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം ആയിരിക്കും. സ്വാഭാവികമായും ഈ പാരമ്പരയില്‍ വിജയിക്കാന്‍ പോകുന്നത് ഓസ്‌ട്രേലിയന്‍ ഞാന്‍ പറയും. അവര്‍ അത് വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗില്‍ക്രിസ്റ്റിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.

ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

അതേസമയം ഇതിനു മുമ്പ് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. സെപ്റ്റംബര്‍ 19 മുതലാണ് ഈ സീരീസിന് തുടക്കം കുറിക്കുന്നത്. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു.

Content Highlight: Adam Gilchrist Talks About Border Gavasker Trophy

We use cookies to give you the best possible experience. Learn more