ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1നാണ് ഓസീസിനോട് പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ കുത്തകയായിരുന്ന പരമ്പര 10 വര്‍ഷത്തിന് ശേഷമാണ് ഓസീസ് സ്വന്തമാക്കിയത്. പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നിരുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ചാണ് താരം മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്.
എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ടീമിനൊപ്പം നിന്ന് മത്സരങ്ങള്‍ വിജയിപ്പിക്കുന്നതിലും ഫോം നേടുന്നതിലും താരം പാടെ തകരുകയായിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രോഹിത് സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച് പറത്ത് പോകുകയായിരുന്നു.
ഇനി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായിട്ടുള്ള ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ജൂണ്‍ 20 മുതലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ ഈ പരമ്പരയിലും രോഹിത് ഇന്ത്യയോടൊപ്പം ചേരാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്.
‘രോഹിത് ശര്‍മ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നില്ല. എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതാവും രോഹിത് ആദ്യം പരിഗണിക്കുക. രണ്ട് മാസം പ്രായമായ കുഞ്ഞ് വീട്ടിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് നന്നായി കളിച്ചേക്കാം. ഇംഗ്ലണ്ടിനെതിരെ വൈറ്റ് ബോള്‍ മത്സരവും ഇന്ത്യക്ക് മുമ്പിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയും കളിച്ച് രോഹിത് പുറത്തേക്ക് പോകും എന്നാണ് ഞാന്‍ കരുതുന്നത്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Content Highlight: Adam Gilchrist Talking About Rohit Sharma