ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗ് ഏതാണെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒറ്റ ഉത്തരമെ ഉണ്ടാകുകയുള്ളു, ഐ.പി.എല്‍. മത്സരങ്ങളുടെ ക്വാളിറ്റിയായാലും താരങ്ങളുടെ പ്രകടനമായാലും ഐ.പി.എല്‍ മറ്റുള്ള ലീഗുകളെക്കാള്‍ മികച്ചുനില്‍ക്കും.
കായിക രംഗത്തെ ഏറ്റവും പണംവാരുന്ന ലീഗുകളിലൊന്നായി ഐ.പി.എല്‍ മാറിയിരുന്നു. ലീഗിന്റെ വളര്‍ച്ച ഐ.സി.സിയെ പോലും കവച്ചുവെക്കുന്നതാണ്. ഇന്ത്യക്ക് പുറമെ യു.എ.ഇയില്‍ നടക്കുന്ന പുതിയ ലീഗിലേക്ക് മൂന്ന് ഐ.പി.എല്‍ ടീമുകള്‍ ഇന്‍വെസ്റ്റേഷന്‍ നടത്തിയിട്ടുണ്ട്. ഇനി വരുന്ന ദക്ഷിണാഫ്രിക്ക ലീഗിലേക്ക് ആറ് ഐ.പി.എല്‍ ഫ്രഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയിട്ടുള്ളത്. ഐ.പി.എല്ലിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് ഇത്.
എന്നാല്‍ ഗ്ലോബല്‍ ലീഗുകളില്‍ ഐ.പി.എല്‍ വളരുന്നതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അദം ഗില്‍ക്രിസ്റ്റ്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ഒഴിവാക്കി യു.എ.ഇ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുന്ന ഡേവിഡ് വാര്‍ണറിന്റെ തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കമന്റ്.
ഐപി.എല്ലിന്റെ ഈ വളര്‍ച്ച കുറച്ച് അപകടകരമാണെന്നും ഇതൊരു കുത്തകയായി മാറുകയാണെന്നുമാണ് ഗില്‍ക്രിസിറ്റിന്റെ വിലയിരുത്തല്‍.
‘ഇത് അല്‍പ്പം അപകടകരമാണ്. അവര്‍ക്ക് കുത്തകയാകാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്. കളിക്കാരുടെയും അവരുടെ കഴിവുകളുടെയും ഉടമസ്ഥാവകാശം അവര്‍ കയ്യേറികൊണ്ടിരിക്കുകയാണ്. കളിക്കാര്‍ക്ക് എവിടെ കളിക്കാനാകും, കളിക്കാന്‍ കഴിയില്ല എന്നൊക്കെ ഈ ഫ്രഞ്ചൈസികള്‍ തീരുമാനിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
യു.എ.ഇ ലീഗില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കണമൊ എന്നുള്ളത് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കയ്യിലാണ്.
അവര്‍ വാര്‍ണറിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അദ്ദേഹം ബി.ബി.എല്ലില്‍ കളിക്കാന്‍ നിര്‍ബന്ധിതനാകും. ആ സമയത്ത് ബാക്കിയെല്ലാ ലീഗില്‍ നിന്നും അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടിവരും.
വാര്‍ണറിനെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് തനിക്കറിയാമെന്നും എന്നാല്‍ അദ്ദേഹം ലീഗില്‍ നിന്നും പോകുന്നത് ലീഗിനെ സംബന്ധിച്ച് നാണക്കേടാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
‘അവര്‍ക്ക് ഡേവിഡ് വാര്‍ണറെ ബി.ബി.എല്‍ കളിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. ഞാന്‍ അത് മനസ്സിലാക്കുന്നു, പക്ഷേ അവനെ പുറത്താക്കി മറ്റൊരു കളിക്കാരനെ അതിന് പകരം അനുവദിക്കുന്നത് ലീഗിന് മോശമാണ്.
വാര്‍ണറെ ഒറ്റപ്പെടുത്തരുത്, കാരണം റഡാറില്‍ മറ്റ് കളിക്കാര്‍ ഉണ്ടാകും. ഈ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ സൃഷ്ടിക്കാന്‍ തുടങ്ങുന്ന ആഗോള ആധിപത്യത്തിന്റെ ഭാഗമായിരിക്കുമത്. അവര്‍ക്ക് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഒരുപാട് ടീമുകളുണ്ട്,’ ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
പുതിയ ലീഗിന്റെ നിയമങ്ങള്‍ അനുസരിച്ച്, ഡ്രാഫ്റ്റിന് പുറത്ത് നിന്ന് നാല് കളിക്കാരെ സൈന്‍ ചെയ്യാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദമുണ്ട്. അതിനാല്‍, ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമസ്ഥതയിലുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് വാര്‍ണറെ ദുബായ് ക്യാപിറ്റല്‍സിലേക്ക് സൈന്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
Content Highlights: Adam Gilchrist slams against IPl for their monopoly in global leagues