Sports News
അവനെ പോലെയാകാന്‍ ഏതൊരു യുവതാരവും കൊതിക്കും, എന്തൊരു പ്രകടനമാണ്; ധോണിയല്ല, മറ്റൊരു ഇന്ത്യന്‍ കീപ്പറെ പുകഴ്ത്തി ഗില്ലി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 19, 03:04 pm
Tuesday, 19th September 2023, 8:34 pm

ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറിലൊരാളാണ് ഓസ്‌ട്രേലിയന്‍ ലെഫ്റ്റ് ഹാന്‍ഡ്ഡ് ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഒരു മാതൃകയാകാന്‍ ഗില്‍ക്രിസ്റ്റിന് സാധിച്ചിട്ടുണ്ട്. എം.എസ്. ധോണിയും ഗില്‍ക്രിസ്റ്റുമെല്ലാം വിക്കറ്റ് കീപ്പര്‍മാരുടെ ഇടയില്‍ ഒരു ബെഞ്ച്മാര്‍ക്ക് തന്നെ സൃഷ്ടിച്ച താരങ്ങളാണ്.

നിലവില്‍ വിക്കറ്റ് കീപ്പര്‍മാരുടെ റോള്‍ മോഡല്‍ യുവ ഇന്ത്യന്‍ കീപ്പറായ റിഷബ് പന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗില്‍ക്രിസ്റ്റിപ്പോള്‍.
റിഷബ് പന്തുണ്ടാക്കിയ പോലുള്ള ഇംപാക്ടുണ്ടാക്കാന്‍ യുവതാരങ്ങള്‍ കൊതിക്കുമെന്നും താരം ഒരുപാട് യുവ കീപ്പര്‍മാരെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘റിഷബ് പന്ത് ലോകമെമ്പാടുമുള്ള നിരവധി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ അഗ്രസീവ് രീതിയില്‍ കളിക്കാന്‍ പ്രചോദിപ്പിച്ചിട്ടുണ്ട് .റിഷബ് പന്ത് ഉണ്ടാക്കിയ ഇംപാക്ട് മറ്റ് യുവതാരങ്ങള്‍ക്ക് കൗതുകകരമാണ്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ടീമിലെത്തിയ താരമാണ് പന്ത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം കീപ്പറായിരുന്ന അദ്ദേഹം നിലവില്‍ ആക്‌സഡിന്റിന് ശേഷം ചികിത്സയിലാണ്. ടെസ്റ്റ് ക്രിക്കറ്റിലാണ് താരം ഏറ്റവും കൂടുതല്‍ തന്റെ കരുത്ത് തെളിയിച്ചത്.

2021ല്‍ ഇന്ത്യ നേടിയ ഗ്രേറ്റ് ഗബ്ബ ടെസറ്റിലെ ടീമിന്റെ ഹീറോ പന്തായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം നേരിട്ട റോഡപകടത്തിന് ശേഷം താരം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഐ.പി.എല്ലിലും ഏഷ്യാ കപ്പിലൊന്നും താരത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. വരുന്ന ലോകകപ്പിലും താരം ടീമിന്റെ ഭാഗമാകില്ല.

Content Highlight: Adam Gilchrist says Young Keepers will get Fascinated by Rishab Pant’s Impact