വിക്കറ്റ് കീപ്പർമാരായ റിഷബ് പന്തും ദിനേശ് കാർത്തിക്കും ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും ഇരുവർക്കും പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി-20 പരമ്പരയിൽ ദിനേഷ് കാർത്തിക്കിനെയായിരുന്നു മാനേജ്മെന്റ് ടീമിലെത്തിച്ചത്. എന്നാൽ 14ാം ഓവറിൽ നാല് വിക്കറ്റ് വീണതിന് ശേഷം കാർത്തിക്കിനെ അയക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇരുവരിൽ നിന്നും ആര് പ്ലെയിങ്ങ് ഇലവനിൽ എത്തണം എന്ന് അഭിപ്രായപ്പെടുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റ്.
ഇന്ത്യൻ നിരയിൽ പന്ത് നിർബന്ധമാണെന്നും സാഹചര്യം എന്തുതന്നെയായാലും പന്തിനെ ബെഞ്ചിലാക്കുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നുമാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്. ‘ബൗളിങ് നടത്തുമ്പോളുള്ള പന്തിന്റെ രീതിയും അദ്ദേഹത്തിന്റെ ധൈര്യവും അഭിനന്ദനാർഹമാണ്. ഇന്ത്യൻ നിരയിൽ അദ്ദേഹം നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്.
അവർക്ക് ഒരുമിച്ച് കളിക്കാൻ കഴിയും. പക്ഷേ റിഷബ് പന്തിന് തീർച്ചയായും അവസരം ലഭിക്കണമെന്ന് ഞാൻ കരുതുന്നു,” ഗിൽക്രിസ്റ്റ് പറഞ്ഞു. ‘ഇരുവർക്കും ഒരേ ടീമിൽ കളിക്കാൻ കഴിയുന്നത് രസകരമായിരിക്കും. അവർക്കത് ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ദിനേഷ് കാർത്തിക് വിദഗ്ധനായ കളിക്കാരനാണ്, അദ്ദേഹത്തിന് ടോപ് ഓർഡരിലും മധ്യ നിരയിലുമെല്ലാം ഒരുപോലെ കളിക്കാൻ കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
58 ടി-20യിൽ 23.94 ശരാശരിയിലും 126.21 സ്ട്രൈക്ക് റേറ്റിലും 934 റൺസാണ് പന്ത് നേടിയത്. എന്നിരുന്നാലും, ഇടംകൈയൻ ബാറ്ററിന് ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനായി (ആർ.സി.ബി) ചില ശക്തമായ പ്രകടനങ്ങളുടെ പിൻബലത്തിൽ കാർത്തിക് ഈ വർഷമാദ്യം ഇന്ത്യൻ ടീമിലേക്ക് കോൾ അപ്പ് നേടിയിരുന്നു.
ഐ.പി.എൽ. 2022 സീസണിന് ശേഷമാണ് ദിനേശ് കാർത്തിക് ഇന്ത്യൻ ടി-20 ടീമിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് നടന്ന മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഡി.കെക്ക് കഴിഞ്ഞില്ല. ഈ വർഷം 19 രാജ്യാന്തര ടി-20കളിലെ 15 ഇന്നിങ്സുകളിൽ 199 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. അതേസമയം 16 രാജ്യാന്തര ടി-20 ഇന്നിങ്സുകളിൽ 25.91 ശരാശരിയിലും 133.47 സ്ട്രൈക്ക് റേറ്റിലും 311 റൺസാണ് റിഷബ് പന്ത് നേടിയത്.