ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. പെര്‍ത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്ന് വിരാട് കോഹ്‌ലിയുടേതാണ് എന്നാണ് ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടത്.
മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിനൊപ്പം പ്രയറി ഫയര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്.
ജോ റൂട്ട്, വിരാട് കോഹ്‌ലി എന്നിവരില്‍ തങ്ങളുടെ ഇഷ്ട ബാറ്ററെ തെരഞ്ഞെടുക്കുന്നതിനിടെയാണ് ഗില്‍ക്രിസ്റ്റ് വിരാടിന്റൈ സെഞ്ച്വറിയെ കുറിച്ച് സംസാരിച്ചത്.
ടി-20 ഫോര്‍മാറ്റിലും ഏകദിന ഫോര്‍മാറ്റിലും വിരാട് കോഹ്‌ലിയെ ഇരുവരും തെരഞ്ഞെടുത്തപ്പോള്‍ ടെസ്റ്റില്‍ ജോ റൂട്ടിനെയാണ് ഇരുവരും തെരഞ്ഞെടുത്തത്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏത് സ്‌റ്റേഡിയത്തില്‍ വെച്ചാണ് കളിക്കുന്നത് എന്നാണ് ഗില്‍ക്രിസ്റ്റ് തിരിച്ചുചോദിച്ചത്. ഇതിന് മറുപടിയായി ബാറ്റര്‍മാരുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് അഥവാ പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തിലാകട്ടെ എന്ന് സഹപാനലിസ്റ്റുകള്‍ പറഞ്ഞു.
‘പെര്‍ത്ത് സ്റ്റേഡിയത്തില്‍ കളിച്ച ആദ്യ മത്സരത്തില്‍ തന്നെ അവന്‍ സെഞ്ച്വറി നേടി. അവിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്ന് വിരാടിന്റേതായിരുന്നു. അത് വേറെ തന്നെ ഒരു ലെവലായിരുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Who would you rather, Joe Root 🏴 or Virat Kohli 🇮🇳?
The guys debate who they would pick in every format 🏏 in different countries 🇦🇺 and you might be surprised 😮
‘ഇക്കാര്യത്തില്‍ ഞാന്‍ ഒരു തര്‍ക്കത്തിനുമില്ല. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ വിരാട് തന്നെ. എന്നാല്‍ മറ്റേത് സ്‌റ്റേഡിയത്തിലാണെങ്കിലും ഞാന്‍ റൂട്ടിനെ തന്നെ തെരഞ്ഞെടുക്കും,’ എന്നായിരുന്നു വോണിന്റെ മറുപടി.
റൂട്ടിന് ഇതുവരെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ വൈകാതെ തന്നെ റൂട്ട് ഓസ്‌ട്രേലിയന്‍ പിച്ചില്‍ സെഞ്ച്വറി നേടുമെന്നും മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.
2018ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ഗില്‍ക്രിസ്റ്റ് പരാമര്‍ശിച്ച വിരാടിന്റെ സെഞ്ച്വറി പെര്‍ത്ത് സ്റ്റേഡിയത്തില്‍ പിറന്നത്. 257 പന്ത് നേരിട്ട് 123 റണ്‍സാണ് വിരാട് അന്ന് നേടിയത്. ഒരു സിക്‌സറും 13 ബൗണ്ടറിയുമാണ് വിരാടിന്റെ ഇന്നിങ്‌സില്‍ പിറന്നത്.
എന്നാല്‍ വിരാടിന്റെ സെഞ്ച്വറിയെ കവച്ചുവെക്കുന്ന പ്രകടനം നഥാന്‍ ലിയോണ്‍ പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ലിയോണ്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടി കളിയിലെ താരമായി.
Content highlight: Adam Gilchrist praises Virat Kohli