| Monday, 23rd September 2024, 5:59 pm

ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ് അത്; തുറന്നുപറഞ്ഞ് ഗില്‍ക്രിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് രോഹിത്തും സംഘവും 1-0ന് പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. സൂപ്പര്‍ താരം ആര്‍ അശ്വിന്റെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അശ്വിന്‍ രണ്ടാം മത്സരത്തില്‍ ഫൈഫറും നേടിയിരുന്നു.

സ്‌കോര്‍

ഇന്ത്യ: 376 & 287/4d

ബംഗ്ലാദേശ്: 149 & 234 (T: 515)

ഈ മത്സരത്തില്‍ അശ്വിനൊപ്പം തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചാണ് യുവതാരങ്ങളായ റിഷബ് പന്തും ശുഭ്മന്‍ ഗില്ലും ആരാധകരുടെ കയ്യടിയേറ്റുവാങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇരുവരും സെഞ്ച്വറി നേടിയിരുന്നു.

ഇതിന് പിന്നാലെ റിഷബ് പന്തിന്റെ പ്രകടനങ്ങളെ പുകഴ്ത്തുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് എന്നാണ് പന്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഗില്ലി പറഞ്ഞത്. ക്ലബ്ബ് പ്രയറി ഫയര്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ പരാമര്‍ശം.

‘ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് റിഷബ് പന്തിന്റേത്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

റിഷബ് പന്തിന്റെ മത്സരം കാണാന്‍ ടിക്കറ്റെടുത്താല്‍ പൈസ മുതലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാശ് കൊടുത്ത് കളി കാണാന്‍ ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് റിഷബ് പന്തിന്റെ പ്രകടനം കാണുമ്പോഴാണ്. അതുകൊണ്ടുതന്നെ അവന്റെ കളി കാണാന്‍ ഞാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കാന്‍ തയ്യാറാണ്. സാധാരണ ആരാധകരും അതുപോലെ ചിന്തിക്കുന്നവരാണെന്നാണ് ഞാന്‍ കരുതുന്നത്.

ചെയ്യുന്നതിലെല്ലാം തന്റേതായ ഒരു ക്ലാസ് കൊണ്ടുവരാന്‍ അവന് കഴിയുന്നുണ്ട്. എല്ലാ കാര്യങ്ങളും അവന്‍ നല്ല രസകരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. രസകരമായ രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവനറിയാം. അതാണ് അവനെ വ്യത്യസ്തനാക്കുന്നതും,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 39 റണ്‍സ് നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 128 പന്തില്‍ നിന്നും 109 റണ്‍സ് നേടിയാണ് പുറത്താകുന്നത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടവും പന്ത് സ്വന്തമാക്കിയിരുന്നു.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – 58 – 6*

എം.എസ്. ധോണി – 114 – 6

വൃദ്ധിമാന്‍ സാഹ – 54 – 3

ബുദ്ദി കുന്ദേരന്‍ – 28 – 2

ഫാറൂഖ് എന്‍ജിനീയര്‍ – 87 – 2

സയ്യിദ് കിര്‍മാണി – 124 – 2

പന്ത് ആകെ നേടിയ ആറ് സെഞ്ച്വറിയില്‍ നാലും ഓവര്‍സീസ് സെഞ്ച്വറികളാണ്, അതാകട്ടെ സേന രാജ്യങ്ങള്‍ക്കെതിരെയും.

2019ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നേടിയ 159* ആണ് താരത്തിന്റെ ടോപ് സ്‌കോര്‍. ബെര്‍മിങ്ഹാം, ഓവല്‍, കേപ് ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് താരത്തിന്റെ മറ്റ് ഓവര്‍സീസ് സെഞ്ച്വറികള്‍ പിറവിയെടുത്തത്.

2022 ഡിസംബറില്‍ പരിക്കേറ്റതിന് ശേഷം പന്ത് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ബംഗ്ലാദേശിനെതിരെ നടന്നത്. പന്തിന്റെ തിരിച്ചുവരവും ഫോമിലേക്ക് മടങ്ങിയെത്തിയതും ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഏറെ ഗുണകരമാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയടക്കമുള്ള പരമ്പരകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യക്ക് കളിക്കാനുണ്ടെന്നിരിക്കെ പന്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്.

പരിക്കിന് പിന്നാലെ പന്തിന് പല മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു. 2023 ഐ.പി.എല്ലും 2023 ഏകദിന ലോകകപ്പും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമെല്ലാം താരത്തിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപ്പെട്ടത് ഓരോന്നായി തിരിച്ചുപിടിക്കുന്ന പന്തിനെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.

Content highlight: Adam Gilchrist praises Rishabh Pant

We use cookies to give you the best possible experience. Learn more