| Sunday, 22nd September 2024, 8:10 am

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ അവനാണ്: ആദം ഗിൽക്രിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെയാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്. ക്രിക്കറ്റ് ഡോട്ട് കോമിന്റെ അണ്‍വൈന്‍ഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗില്‍ക്രിസ്റ്റ്.

‘ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയാണ്. ധോണി എല്ലാ കിരീടങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയും,’ ഓസ്ട്രേലിയന്‍ ഇതിഹാസം പറഞ്ഞു.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്.

2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു.

2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഇപ്പോഴും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ അടുത്ത ഐ.പി.എല്‍ സീസണിലും ചെന്നൈക്കായി കളത്തിലറങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Adam Gilchrist Praises M.S Dhoni

We use cookies to give you the best possible experience. Learn more