ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയില്‍ പ്രതികരണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. സഞ്ജു ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുവെന്ന കാര്യം തനിക്ക് അറിയില്ലെന്നും ഇത്തവണ ഐ.പി.എല്‍ നേരത്തെ ആരംഭിച്ചു എന്നാണ് കരുതിയതെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ക്ലബ്ബ് പ്രയറി ഫയര്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്.
‘വാര്‍ത്താ തലക്കെട്ടുകളില്‍ സഞ്ജു സെഞ്ച്വറി നേടിയെന്ന് കണ്ടപ്പോള്‍ ഐ.പി.എല്‍ നേരത്തെ ആരംഭിച്ചു എന്നാണ് ഞാന്‍ കരുതിയത്. അവന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലായിരുന്നു സഞ്ജു സെഞ്ച്വറി നേടിയത്. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ വിജയിക്കുകയും പരമ്പരയില്‍ ലീഡ് നേടുകയും ചെയ്തു.
തുടര്‍ച്ചയായ അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന നാലാമത് താരം, ആദ്യ ഇന്ത്യന്‍ താരം ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍ തുടങ്ങി നിരവധി റെക്കോഡുകളും മത്സരത്തില്‍ സഞ്ജു സ്വന്തമാക്കിയിരുന്നു.
എന്നാല്‍ പരമ്പരയിലെ അടുത്ത രണ്ട് മത്സരത്തിലും സഞ്ജു പാടെ നിരാശപ്പെടുത്തി. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ ബ്രോണ്‍സ് ഡക്കായി മടങ്ങിയ സാംസണ്‍ സെഞ്ചൂറിയനില്‍ സില്‍വര്‍ ഡക്കായും പുറത്തായി. മാര്‍കോ യാന്‍സെനാണ് രണ്ട് മത്സരത്തിലും സഞ്ജുവിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നവംബര്‍ 15ന് നടക്കുന്ന മത്സരത്തിന് ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് വേദിയാകുന്നത്.
നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. പ്രോട്ടിയാസിനെതിരെ മറ്റൊരു പരമ്പര വിജയം സ്വന്തമാക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടപ്പെടാതെ കാക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, ആവേശ് ഖാന്‍, യാഷ് ദയാല്‍.
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്നീല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്സി, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, മാര്‍കോ യാന്‍സെന്‍, ഹെന്റിക് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്‌ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്കല്‍ട്ടണ്‍, ആന്‍ഡില്‍ സിമെലെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ലൂതോ സിപാംല.
Content highlight: Adam Gilchrist about Sanju Samson’s century