ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആഷ്ടണ്‍ അഗറിനെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ കളിപ്പിക്കാത്തതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ലെജന്‍ഡ് ആദം ഗില്‍ക്രിസ്റ്റ്. താരത്തെ സീരീസില്‍ കളിപ്പിക്കാത്തത് അപമാനകരമാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ടീമിന്റെ സെക്കന്‍ഡ് സ്പിന്നര്‍ ആയിട്ടാണ് താരം ഇന്ത്യയിലേക്ക് പറന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിക്ക് ഓസ്‌ട്രേലിയ അവസരം നല്‍കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ച മര്‍ഫി രണ്ടാം ടെസ്റ്റിനുള്ള ടീമിലും ഇടം നേടിയിരുന്നു.
രണ്ടാം മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായി കളത്തിലിറങ്ങാന്‍ തീരുമാനിച്ച ഓസീസ് അവിടെയും ആഷ്ടണ്‍ അഗറിനെ പരിഗണിച്ചിരുന്നില്ല. അരങ്ങേറ്റക്കാരന്‍ മാത്യു കുന്‍മാനാണ് രണ്ടാം ടെസ്റ്റില്‍ ടീമില്‍ ഇടം നേടിയത്.
ഇതിന് പിന്നാലെയാണ് ആദം ഗില്‍ക്രിസ്റ്റ് ടീമിന്റെ സമീപനത്തെ കുറിച്ച് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ റേഡിയോ ചാനലായ എസ്.ഇ.എന്നിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഒരുപാട് പര്യടനങ്ങളുടെ ഭാഗമായതിനാല്‍ ഇത് എത്രത്തോളം അപമാനകരമാണെന്ന് എനിക്കറിയാം. നിങ്ങളെ ഒരു വിശാലമായ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിങ്ങള്‍ കളിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കേണ്ടതായിരുന്നു.
ഇത് അവനെ സംബന്ധിച്ച് വലിയൊരു അടിയായിരിക്കും. ഞാന്‍ അവനോട് സംസാരിച്ചിട്ടില്ല. അവന്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ ഏറെ താത്പര്യമുണ്ട്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ജനുവരിയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സിഡ്‌നിയില്‍ വെച്ച് നടന്ന മത്സരത്തിലാണ് താരം അവസാനമായി കളിച്ചത്. നാഗ്പൂരില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റില്‍ ആഷ്ടണ്‍ അഗര്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും താരം ടീമിന് പുറത്തായിരുന്നു.
അതേസമയം, രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഓസീസ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇത്തവണയും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരത്തിലും വിജയിച്ച് സമനില പാലിക്കാനാകും ഓസീസ് ശ്രമിക്കുന്നത്.