|

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് ലെവൻഡോസ്‌കിയുടെ 12 വർഷത്തെ റെക്കോഡിനൊപ്പം; ഓറഞ്ച് പടയെ വിറപ്പിച്ചവന് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പിലെ ഗ്രൂപ്പ് ആദ്യമത്സരത്തിൽ നെതർലാൻസിന് ജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലാൻഡ്സ് പരാജയപ്പെടുത്തിയത്.

ഫോക്‌സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് പോളണ്ട് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയിലാണ് ഓറഞ്ച് പട കളത്തിലിറങ്ങിയത്.

മത്സരം തുടങ്ങി 16ാം മിനിട്ടില്‍ തന്നെ പോളണ്ട് നെതര്‍ലാന്‍ഡ്‌സിനെ ഞെട്ടിക്കുകയായിരുന്നു. മത്സരത്തില്‍ ആദം ബുക്‌സയാണ് പോളിഷ് പടയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. വലതുഭാഗത്തുള്ള കോര്‍ണറില്‍ ഒരു തകര്‍പ്പന്‍ ഫെഡറിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പിറവിയെടുത്തത്. യൂറോകപ്പിന്റെ ആദ്യ മത്സരത്തിന്റെ ആദ്യപകുതിയില്‍ പോളണ്ടിനുവേണ്ടി ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ബുക്‌സ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് 2012 യൂറോ കപ്പില്‍ സൂപ്പര്‍താരം റോബര്‍ട്ട് ലവന്‍ഡോസ്‌കിയാണ് ഇത്തരത്തില്‍ ആദ്യ മത്സരത്തിലെ ആദ്യപകുതിയില്‍ പോളണ്ടിനുവേണ്ടി ഗോള്‍ നേടിയത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബുക്‌സ ഈ നേട്ടം സ്വന്തമാക്കുന്നത്.

എന്നാല്‍ മത്സരത്തിന്റെ 29ാം മിനിട്ടില്‍ ഗോഡി ഗാക്‌പോയിലൂടെ ഓറഞ്ച് പട മറുപടി ഗോള്‍ നേടുകയായിരുന്നു. പോളണ്ടിന്റെ പെനാല്‍ട്ടി ബോക്‌സിന് പുറത്തു നിന്നും താരം അടിച്ച ഷോട്ട് പോളിഷ് താരത്തിന്റെ കാലുകളില്‍ തട്ടി ഒരു ഡിഫ്‌ലക്ഷനിലൂടെ പോസ്റ്റിലേക്ക് കയറുകയായിരുന്നു.

എന്നാൽ 83ാം മിനിട്ടിൽ വോൾട്ട് വെഗ് ഹോസ്റ്റിലൂടെ ഓറഞ്ച് പട വിജയഗോൾ നേടുകയായിരുന്നു.

ജൂൺ 21ന് ഓസ്ട്രിയക്കെതിരെയാണ് പോളണ്ടിന്റെ അടുത്ത മത്സരം. അതേസമയം ജൂൺ 22ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസിസിനെതിരെയാണ് ഓറഞ്ച് പട പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Adam Buksa Great Performance Against Netherlands