പുതിയ പല നടന്‍മാരും വൈമുഖ്യം കാണിച്ച ആ കഥാപത്രം ചെയ്യാന്‍ ഷറഫുദ്ദീന്‍ തയ്യാറായി: ആദം അയ്യൂബ്
Entertainment news
പുതിയ പല നടന്‍മാരും വൈമുഖ്യം കാണിച്ച ആ കഥാപത്രം ചെയ്യാന്‍ ഷറഫുദ്ദീന്‍ തയ്യാറായി: ആദം അയ്യൂബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 11:00 am

ആസിഫലിയും അമലാപോളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ലെവല്‍ക്രോസ്. ആസിഫലി വളരെ വ്യത്യസ്തമായ കഥപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അര്‍ഫാസ് അയ്യൂബാണ്. ഈ സിനിമയിലേക്ക് മൂന്നാമത്തെ കഥാപാത്രം ചെയ്യാനായി പുതിയ പല നടന്‍മാരും വൈമുഖ്യം കാണിച്ചെങ്കിലും ഷറഫുദ്ദീന്‍ തയ്യാറായി എന്ന് പറയുകയാണ് സംവിധായകനും നടനും നിര്‍മാതാവുമായ ആദം അയ്യൂബ്.

രണ്ടാംതരം കഥാപാത്രമാകുമോ, ശ്രദ്ധ ലഭിക്കാതെ പോകുമോ എന്ന ഭയത്താലാണ് പലരും പിന്‍മാറിയതെന്നും അദ്ദേഹം പറയുന്നു. ലെവല്‍ക്രോസ് എന്ന സിനിമക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത് ആദം അയ്യൂബാണ്. വില്ലേജ് ഫോക്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കൂമന്‍ എന്ന സിനിമയുടെ ലൊക്കോഷനില്‍ വെച്ചാണ് ആസിഫലിയോട് കഥ പറയുന്നത്. ആ കഥാപാത്രം ചെയ്യാനായി അദ്ദേഹം വളരെ എക്‌സൈറ്റഡായിരുന്നു. ഡിഗ്ലാമറൈസ് ചെയ്താണ് ആ കഥാപാത്ര സൃഷ്ടി ചെയ്തിരിക്കുന്നത്. പിന്നെ ഗ്ലാമറസായിട്ടുള്ള ഒരു നടി വേണമായിരുന്നു. അതിന് പലരെയും നോക്കിയെങ്കിലും അവസാനം അന്വേഷണം എത്തിയത് അമലപോളിലായിരുന്നു.

മറ്റേ കഥാപാത്രത്തിന് വേണ്ടി പലരോടും സംസാരിച്ചു. പക്ഷെ, ഇന്നത്തെ യുവതലമുറയിലുള്ള പല പുതിയ നടന്‍മാരും വൈമുഖ്യം കാണിച്ചു. അവര്‍ക്ക് തോന്നിയത് ഇത് സെകണ്ടറി ക്യാരക്റ്റായിപ്പോകുമോ, പ്രാധാന്യം കുറയുമോ എന്നാണ്. അങ്ങനെ ഒരുപാട് ആശങ്കകള്‍ അവര്‍ക്കുണ്ടായിരുന്നു.

പക്ഷെ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും, എത്ര സയമം സ്‌ക്രീനില്‍ വരുന്നു എന്നതല്ല, വരുമ്പോള്‍ എത്ര ശക്തമായ സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ടാകുന്നു എന്നത് ആശ്രയിച്ചാണ് കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിയുന്നത്.

ശറഫുദ്ദീന്‍ പക്ഷെ കഥ കേട്ട ഉടന്‍ തന്നെ ഇത് ചെയ്‌തോളാം എന്ന് പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഈ സിനിമക്ക് സമ്മതിച്ചത് വളരെ നന്നായി എന്ന് അദ്ദേഹം പറഞ്ഞു,’ ആദം അയ്യൂബ് പറഞ്ഞു.

content highlights; Adam Ayyub talks about Sharafuddin’s character in the film Levelcross