ആദ്യകാല സിനിമ നടനായിരുന്നു ആദം അയൂബ്. ദൂരദർശൻ ചാനലിലെ തുടക്കകാലത്തെ സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ, സംവിധായകൻ, തിരക്കഥാകൃത്ത്, മാധ്യമ പ്രവർത്തകൻ, അധ്യാപകൻ, ഛായാഗ്രാഹകൻ എന്നിങ്ങനെ സിനിമയുടെ നാനാ ഭാഗങ്ങളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മദിരാശിയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആദം അയൂബ്. ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു സൂപ്പർ സ്റ്റാർ രജിനികാന്ത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് രജിനികാന്തും താനുമടക്കം ശ്രീനിവാസനെ റാഗ് ചെയ്തിട്ടുണ്ടെന്ന് വില്ലേജ് ഫോക്സിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് ആദം അയൂബ്.
‘അവിടെ പഠിച്ചവരിൽ രണ്ടുവർഷത്തെ കോഴ്സിൽ ക്ലാസ് മേറ്റ്സ് ആയിരുന്നു ഞാനും രജിനികാന്തും. ഞങ്ങളുടെ ജൂനിയർ ആയിരുന്നു ശ്രീനിവാസൻ. ഞങ്ങൾ പാസായതിന് ശേഷം വന്നവരാണ് ചിരഞ്ജീവിയൊക്കെ. ശ്രീനിവാസൻ ആദ്യം ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നപ്പോൾ ഞങ്ങൾ റാഗ് ചെയ്തു. ശരിക്കും രജിനികാന്താണ് റാഗിങ്ങിന്റെ ഉസ്താദ്. പുള്ളി ഇരുന്നിട്ടാണ് ഓരോരുത്തരെ കൊണ്ടും ഓരോന്ന് ചെയ്യിപ്പിക്കുന്നത്.
ശ്രീനിവാസന്റെ അപ്പോഴത്തെ രൂപം എന്ന് പറയുന്നത് വളരെ മെല്ലിച്ചിട്ട് ചെറിയ കുറ്റി മുടി, കണ്ണൊക്കെ കുഴിഞ്ഞു കവിളൊക്കെ ഒട്ടിയിട്ടായിരുന്നു. കൂടെ ഉണ്ടായിരുന്നവർക്കൊക്കെ വളരെ പുച്ഛമായിരുന്നു ശ്രീനിവാസനോട്. ഇവനൊക്കെ എന്ത് കണ്ടിട്ടാ സിനിമയിൽ വരുന്നത് എന്ന ചിന്തയായിരുന്നു. പക്ഷെ അവരൊന്നും എവിടെയും എത്തിയില്ല. ശ്രീനിവാസൻ ഇപ്പോൾ മലയാള സിനിമയിൽ എത്ര വലിയ സ്ഥാനത്താണെന്ന് നോക്കൂ.’ആദം അയൂബ് പറയുന്നു.
സിനിമയിലേക്ക് വരുന്നതിന് കഴിവ് മാത്രം പോരെന്നും കഴിവും ഭാഗ്യവും വേണമെന്നും തനിക്ക് ഭാഗ്യം കുറവായിരുന്നെന്നും ആദം അയൂബ് അഭിമുഖത്തിൽ പറയുന്നു.
‘സിനിമയിലേക്ക് വരുന്നതിന് ടാലന്റ് മാത്രം പോരാ. ടാലന്റും ഭാഗ്യവും വേണം. എന്റെ കാര്യം തന്നെ എടുത്താൽ എനിക്ക് ഭാഗ്യം കുറവായിരുന്നു. എന്നാൽ സിനിമയിലേക്ക് വരാൻ ലുക്കൊന്നും വേണ്ട.അദ്ദേഹം പറയുന്നു
Content Highlight: Adam Ayub Talk About Rajinikanth And Sreenivasan