| Monday, 20th April 2020, 11:27 am

ലോക്ക് ഡൗണ്‍ ഇളവില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്; ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ ഓഫീസില്‍ എത്തിയവര്‍ക്ക് അടക്കം ആശങ്കയുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ചെറിയ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ഇത് ഒരു പുതിയ കാര്യമാണ്. അതുകൊണ്ട് തന്നെ അത് ചെയ്യുമ്പോഴുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കകം അത് പരിഹരിക്കുമെന്നാണ് കരുതുന്നത്.

ഹോട്ട് സ്‌പോട്ട് ആണോ അല്ലയോ എന്ന കാര്യങ്ങളിലടക്കം ആശയക്കുഴപ്പം വന്നിട്ടുണ്ട്. അക്കാര്യം സര്‍ക്കാര്‍ സമ്മതിക്കുന്നു. ഉടന്‍ തന്നെ ഇതില്‍ വ്യക്തത വരുത്തുമെന്നും കടകംപള്ളി പറഞ്ഞു.

കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.

കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.

പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരുകയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് എ.ഡിജി.പി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more