[] അഹ്മദാബാദ്: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകപമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. മുകുള്‍ സിന്‍ഹ (63) അന്തരിച്ചു.
ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായാറാഴ്ച്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കാളാഴ്ച്ച മരിക്കുകയായിരുന്നു.
കാണ്‍പൂരിലെ ഐഐടിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത സിന്‍ഹ ഗുജറാത്തിലെ ഫിസിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
തൊഴില്‍ശാലകളിലെ ജീവനക്കാരുടെ ദുരിതങ്ങള്‍ തിരച്ചറിഞ്ഞ അദ്ദേഹം ഗുജറാത്ത് ട്രേഡ് യൂനിയന്‍ ഫെഡറേഷന്‍ കെട്ടപ്പിടിക്കുന്നതില്‍ മുഖ്യപങ്കുപഹിച്ചു.
നിയമബിരുദമെടുത്തശേഷം തൊഴിലാളി വിഭാഗങ്ങളുടെ അഭിഭാഷകനായി മാറി. ഗുജറാത്ത് വംശഹത്യക്കു ശേഷം ഇരകളുടെ കേസുകള്‍ പുറം ലോകത്തെ അറിയച്ചതോടെയാണ് മുകുള്‍ സിന്‍ഹയെ രാജ്യം അറിയാന്‍ തുടങ്ങിയത്. കലാപശേഷമുള്ള പ്രമാദമായ പല കേസുകളും ഇദ്ദേഹം വാദിച്ചു.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മലയാളിയായ പ്രാണേഷ്‌കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ളക്ക് വേണ്ടിയും ഹാജരായത് സിന്‍ഹയാണ്. ജന്‍സംഘര്‍ഷ മോര്‍ച്ച എന്ന സംഘടനയുടെ ടിക്കറ്റില്‍ രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അസുഖബാധിതനായശേഷം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴിയും ട്രൂത്ത് ഓഫ് ഗുജറാത്ത് വെബ്‌സൈറ്റ് വഴിയും ഇദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നു. അവയവദാനം ചെയ്യുമെന്ന പ്രതിജ്ഞ ചെയ്ത മുകുള്‍ സിന്‍ഹയുടെ ഭൗതിക ശരീരം ആശുപത്രിയിലേക്ക് കൈമാറി.