| Friday, 9th October 2015, 8:46 am

തെറ്റായ അവകാശവാദം: 82 കമ്പനികളുടെ പരസ്യത്തിനു നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെറ്റായും തെറ്റിദ്ധാരണാ ജനകവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനു 82 പരസ്യങ്ങള്‍ നിരോധിച്ചു. ഈ പരസ്യങ്ങള്‍ തെറ്റുദ്ധരിപ്പിക്കുന്നതാണ്, തെറ്റാണ്, അല്ലെങ്കില്‍ വാഗ്ദാനം ചെയ്ത ഫലം നല്‍കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏഴുദിവസം കൊണ്ട് ചര്‍മ്മത്തിനു തിളക്കം നല്‍കുന്ന ക്രീം, എളുപ്പം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം, എവറസ്റ്റില്‍ കയറുമ്പോള്‍ ഫുള്‍ നെറ്റുവര്‍ക്ക് ലഭിക്കും, ബൈക്കുകള്‍ക്ക് അവിശ്വസനീയ മൈലേജ് തുടങ്ങി അവിശ്വസനീയമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്ന പരസ്യങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

നിരോധിക്കപ്പെട്ട 82 പരസ്യങ്ങളുടെ ലിസ്റ്റില്‍ മുന്‍നിര ബ്രാന്റുകളുടെ പരസ്യങ്ങളുമുണ്ട്. അമിറ്റി യൂണിവേഴ്‌സിറ്റി, ഫ്‌ളിപ്പ്കാര്‍ട്ട്, യൂബര്‍, ബി.എസ്.എന്‍.എല്‍, ഹോണ്ട ആക്ടീവ, വോഡാഫോണ്‍, എസ്സാര്‍ ലിമിറ്റഡ്, സ്‌നാപ്പ്ഡീല്‍, കാവിന്‍കെയര്‍, വിക്കോ ലബോറട്ടറീസ്, തൈറോ കെയര്‍, സി.എന്‍.ബി.സി തുടങ്ങിയവയുടെ പരസ്യങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

2015 ജൂണില്‍ തെറ്റിദ്ധാരണാ ജനകമായ പരസ്യങ്ങള്‍ക്കെതിരെ 148 പരാതികളാണ് ഉപഭോക്തൃ പരാതി പരിഹാര കൗണ്‍സിലിനു ലഭിച്ചിരിക്കുന്നത്. ഈ 148 പരസ്യങങളില്‍ 26 പരാതികള്‍ വ്യക്തിഗത, ആരോഗ്യസംരക്ഷണ കാറ്റഗറിയില്‍ വരുന്നതാണ്. 22 എണ്ണം വിദ്യാഭ്യാസ കാറ്റഗറിയിലും 9 എണ്ണം ഭക്ഷ്യ, പാനീയ വിഭാഗങ്ങളിലും ഉള്‍പ്പെട്ടതാണ്.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഏഴു പരാതികളും ലഭിച്ചിട്ടുണ്ട്. 18 പരാതികള്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവയായിരുന്നു. ഈ പരാതികള്‍ പരിശോധിച്ച ഉപഭോക്തൃ പരാതി പരിഹാര കൗണ്‍സില്‍ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആഡ് കൗണ്‍സിലിനു നിര്‍ദേശം നല്‍കുകയായിരുന്നു.

അടുത്തിടെ എയര്‍ടെല്ലിന്റെ 4ജി ഇന്റര്‍നെറ്റിന്റെ പരസ്യത്തിനെതിരെയും ആഡ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇതിനേക്കാള്‍ സ്പീഡില്‍ ഇന്റര്‍നെറ്റ് ലഭിച്ചാല്‍ ആജീവനാന്ത മൊബൈല്‍ ബില്‍ ഫ്രീ എന്നു വെല്ലുവിളിച്ചുകൊണ്ടായിരുന്നു പരസ്യം വന്നിരുന്നത്.

We use cookies to give you the best possible experience. Learn more