| Saturday, 18th May 2019, 3:30 pm

ഭക്ഷണപ്പൊതികള്‍ക്ക് പിറകേ ഓടുന്ന മുട്ടത്തറ ഫ്‌ളാറ്റിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെക്കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അന്വേഷിക്കേണ്ടതുണ്ട്

ജംഷീന മുല്ലപ്പാട്ട്

‘രാത്രി 11.40 വരെ കുട്ടികള്‍ അടക്കമുള്ള ആളുകള്‍ ഭക്ഷണപ്പൊതിക്കായി കാത്തു നില്‍ക്കുകയായിരുന്നു. ഞങ്ങളുടെ വണ്ടികള്‍ കണ്ടതും എല്ലാവരും വണ്ടിക്കു നേരെ ഓടി വന്നു. ആദ്യം പകച്ചു പോയി. പ്രളയത്തിനല്ലാതെ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല’.. കേരള സോഷ്യല്‍
മീഡിയ ഫോറത്തിന്റെ പ്രവര്‍ത്തകനായ അനുരാജിന്റെ വാക്കുകളാണിത്.

ഒരു കൂട്ടം ജനങ്ങള്‍ ഭക്ഷണപ്പൊതികള്‍ നിറച്ച വണ്ടിക്കു പുറകെ ഓടിയത് തലസ്ഥാന നഗരിയിലാണ്. അതും നവകേരള നിര്‍മിതിയുടെ ഹുങ്കില്‍ കേരള സര്‍ക്കാര്‍ ഓഖി ദുരന്ത ബാധിതര്‍ക്കായി പണിതു കൊടുത്ത മുട്ടത്തറയിലെ ഫ്‌ളാറ്റി മത്സ്യത്തൊഴിലാളികള്‍. രണ്ടും മൂന്നും ദിവസമായി പട്ടിണി കിടക്കുന്നവര്‍, കടം കയറി ആത്മഹത്യ ചെയ്തവര്‍, നാണക്കേടുകൊണ്ട് ഫ്‌ളാറ്റ് ജിവിതം പുറം ലോകത്തോട് പറയാന്‍ സാധിക്കാതെ ആന്തരിക സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉലയുന്നവര്‍.

കഴിഞ്ഞ ആഴ്ച മുട്ടത്തറയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരു സ്ത്രീ കടക്കാരുടെ ശല്യം കാരണം ആത്മഹത്യ ചെയ്തിരുന്നു. അതേ ആഴ്ചയില്‍ തന്നെ ഒരു ഭാര്യയും ഭര്‍ത്താവും കടം കാരണം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പക്ഷേ ‘രക്ഷപ്പെട്ടു’. ഈ വിവരങ്ങള്‍ മത്സ്യത്തൊഴിലാളിയായ അജിത് ശംഖുമുഖമാണ് ഫേസ്ബുക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. ഭക്ഷണത്തിന് വകയില്ലാതെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആധുനിക കാലത്തെ ഈ ഫ്‌ളാറ്റ് കോളനിയിലുണ്ട്. കടലിന്റെ ചൂടും ചൂരും അനുഭവിച്ചു ജീവിച്ചു കൊണ്ടിരുന്ന ഒരുപറ്റം മനുഷ്യരെയാണ് അവര്‍ ജീവിച്ചിരുന്ന സാമൂഹിക-പാരിസ്ഥിതിക ചുറ്റുപാടില്‍ നിന്നും ഫ്ളാറ്റുകളിലേയ്ക്ക് കൊണ്ടുപോയി തള്ളിയത്. കുടിയിറക്കലിന്റെ മറ്റൊരു രീതി.

ഫ്‌ളാറ്റില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത് പലവിധ പ്രശ്‌നങ്ങളാണ്. പ്രധാനമായും കടലില്‍ തൊഴിലെടുകാന്‍ പോകാന്‍ പറ്റുന്നില്ല എന്നതാണ്. ഓഖിക്ക് ശേഷമാണ് ഈ പ്രശ്‌നം രൂക്ഷമായത്. കടല്‍ ചെറുതായി ഒന്ന് പ്രക്ഷുഭമായാല്‍ അത് കാലാവസ്ഥാ വ്യതിയാന മാണെന്നുള്ള അറിയിപ്പുകള്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും വരും. പിന്നെ കുറേ ദിവസങ്ങളില്‍ കടലില്‍ പോകാന്‍ കഴിയില്ല. കടല്‍പ്പണിയല്ലാതെ മറ്റൊരു തൊഴിലും ഇവര്‍ക്ക് അറിയുകയുമില്ല.

വിഴിഞ്ഞത്ത് കടലില്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ വടക്കു ഭാഗങ്ങളായ കോവളം, പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ച്തോപ്പ്, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലും മുതലപ്പൊഴി ഹാര്‍ബറിലെ വടക്കു ഭാഗങ്ങളായ അഞ്ചുതെങ്ങ് മേഖലയിലും വലിയ തിരമാലകള്‍ ( swell waves )കാരണമുള്ള കടലേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ അത്യധികമായി ഉണ്ടാകുന്നുണ്ട്.

ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് ആ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളെ കടലിലെ പോകുന്നത് വിലക്കുകയും ചെയ്യും. എന്നാല്‍ ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണെന് തീരദേശവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും മല്‍സ്യത്തൊഴിലാളികളും എപ്പോഴും പറയുന്നതാണ്.

ഇതൊക്കെ കാരണം മത്സ്യത്തൊഴിലാളികളുടെ അന്നം കണ്ടെത്തല്‍ ഏതാണ്ട് നിലച്ചിരിക്കുകയാണ്. കൂടാതെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വലിയതുറ, പൂന്തുറ, ചെറിയതുറ, അഞ്ചുതെങ്ങ് തുടങ്ങിയ മേഖലകളില്‍ തീരങ്ങള്‍ നഷ്ട്‌പ്പെടുകയും മത്സ്യബന്ധന ബോട്ടിറക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്.

മറ്റൊന്ന്, സ്വാഭാവിക ആവാസ കേന്ദ്രങ്ങളില്‍ നിന്നും ഫ്‌ളാറ്റിലേയ്ക്ക് മാറ്റിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ പല വിധത്തിലുള്ള മാനസിക പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇതിനു കൃത്യമായ കൗണ്‍സിലിംഗ് അല്ലാതെ മറ്റൊരു പോംവഴിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്.

മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരം ഭവനം നല്‍കുന്ന ഫിഷറീസ് വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരമാണ് മുട്ടത്തറയില്‍ ഫ്ളാറ്റ് സമുച്ചയം പണിതത്. 540 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍. വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യഗ്രാമങ്ങളിലെ ഭവനരഹിതരാണ് ഇവിടുത്തെ താമസക്കാര്‍. 2017 ജനുവരിയിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 17.5 കോടി രൂപയാണ് 24 ബ്ലോക്കുകളിലായി 3.45 ഏക്കറില്‍ പണികഴിപ്പിച്ചിട്ടുള്ള ഫ്‌ളാറ്റുകളുടെ പദ്ധതി ചെലവ്. രണ്ട് ബെഡ്‌റൂമും ബാത്‌റൂമും സ്വീകരണമുറിയും അടുക്കളയും അടങ്ങിയ അപ്പാര്‍ട്ട്‌മെന്റ്.

2018 ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് 192 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്ന് മുഖ്യമന്ത്രി പറഞ്ഞത് മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കടലിനോടും ജീവിതത്തോടും ഒരേസമയം മല്ലിടുന്ന മല്‍സ്യത്തൊഴിലാളികളുടെ ഫ്ളാറ്റിന് ‘പ്രതീക്ഷ’ എന്നു പേരു നല്‍കിയതില്‍ ഔചിത്യ ഭംഗിയുണ്ടെന്നുമാണ്. സര്‍ക്കാരിന്റെ ലക്ഷ്യം മത്സ്യത്തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വം ആണെങ്കില്‍ എന്തു കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടും മൂന്നും ദിവസം പട്ടിണി കിടക്കേണ്ടി വരുന്നത?് കല്യാണങ്ങള്‍ക്കും മറ്റും ബാക്കി വന്ന ഭക്ഷണപ്പൊതികള്‍ കത്ത് പാതിരാവോളം കാത്തിരിക്കേണ്ടി വരുന്നത്? ആത്മഹത്യ ചെയ്യേണ്ടി വരുന്നത്?

ഫ്‌ളാറ്റ് ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം അവിടെ ഭക്ഷണം കൊടുക്കാന്‍ പോയ കേരള സോഷ്യല്‍ മീഡിയ ഫോറത്തിന്റെ പ്രവര്‍ത്തകനായ അനുരാജ് പറയും.

‘ഭക്ഷണം ആവശ്യമുണ്ടെന്ന് പറഞ്ഞു അജിത് ശംഖുമുഖം ഞങ്ങളെ വിളിക്കുകയായിരുന്നു. 260 ആളുകള്‍ക്കുള്ള ഭക്ഷണമാണ് കൊണ്ടുപോയത്. ആള്‍ക്കാര്‍ ബൈക്കിന്റെ പുറകില്‍ ഓടി ഭക്ഷണ പൊതിക് വേണ്ടി കൈ നീട്ടുകയായിയൂന്നു. ഇതിനു മുമ്പ് പ്രളയത്തിലാണ് ഇങ്ങനെ ഒരു കാഴ്ച കണ്ടത്. എല്ലാവര്‍ക്കു വല്ലതായിപ്പോയി. കുറേ ആളുകളുമായി സംസാരിച്ചു. വിശപ്പിന്റെ ആധിക്യം കൊണ്ടാവാം നാണക്കേടോട് കൂടെത്തന്നെ അവരുടെ കഷ്ട്പ്പാടുകള്‍ ഞങ്ങളോട് പറഞ്ഞത്.

ഒരു അമ്മച്ചി ഞങ്ങള്‍ക്ക് ഒരു ചേച്ചിയെ പരിചയപ്പെടുത്തി. അവര്‍ പറഞ്ഞു, കഴിഞ്ഞ രണ്ടു ദിവസമായി ഞങ്ങള്‍ ഒന്നും കഴിച്ചിട്ടില്ല. ഈ ഫ്ളാറ്റില്‍ പലരും അങ്ങനെയാണ്. നാണക്കേടുകൊണ്ട് പുറത്തു പറയാത്തതാണ്. കാന്‍സര്‍ രോഗികള്‍ക്ക് പോലും ഭക്ഷണം കിട്ടുന്നില്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തതു കൊണ്ട് അവര്‍ക്ക് കഞ്ഞി വെക്കാന്‍ അരി പോലും ഇല്ല. ഒരു ഫ്ളാറ്റില്‍ മൂന്നു കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്. ഓഖിയില്‍പെട്ട് പുനരധിവസിപ്പിച്ചവരാണ് ഇവര്‍. ഇവര്‍ക്ക് കടലിലെ ജോലി മാത്രമേ അറിയൂ.

പിറ്റേ ദിവസവും (മെയ് 16) ഉച്ചക്ക് ഞങ്ങള്‍ അവിടെ ഭക്ഷണം കൊണ്ടു കൊടുത്തു. ഞങ്ങളുടെ വൊളണ്ടിയര്‍മാര്‍ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമാണ്. അതുകൊണ്ട് വൈകീട്ട് മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പറ്റൂ. എന്നിട്ടും ക്ലാസ് കട്ട് ചെയ്തും ജോലി നിര്‍ത്തി വന്നും ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണം എത്തിച്ചു. 600 ആളുകള്‍ക്കുള്ള ഭക്ഷണമാണ് കൊടുത്തത്. അവിടെ പോയതിനെ കുറിച്ചും അവിടെ ഞങ്ങള്‍ കണ്ടതിനെ കുറിച്ചും ഫേസ്ബുക്കില്‍ കുറിപ്പായി ഇട്ടിരുന്നു. അത് കണ്ടിട്ട് ഏതൊക്കെയോ രാഷ്ട്രീയക്കാര്‍ പ്രശ്നമുണ്ടാക്കിയതായി അറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കും കോളുകള്‍ വന്നിരുന്നു. നിങ്ങള്‍ സര്‍ക്കാരിനു ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുകയാണോ എന്നൊക്കെ ചോദിച്ചു.

നേരത്തെയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അതും ഓഖി ദുരന്ത ബാധിതരുടേതു തന്നെ. ഓഖിയില്‍പ്പെട്ട് 28 ദിവസം കടലില്‍ കിടന്ന് രക്ഷപ്പെട്ട ഒരു ചേട്ടനും അവരുടെ കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു അത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഷര്‍മിള നഴ്സാണ് ഞങ്ങളെ വിളിച്ച് കാര്യം പറയുന്നത്. അവരുടെ വീടൊക്കെ ഓഖിയില്‍ നഷ്ട്‌പ്പെട്ടിരുന്നു. അവര്‍ വാടകക്കായിരുന്നു താമസിച്ചിരുന്നത്. വാടക കൊടുക്കാന്‍ പണം ഇല്ലാത്തത് കൊണ്ടും ജിവിതം വഴിമുട്ടിയപ്പോഴുമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. നാല് കുട്ടികള്‍ ഉണ്ട്. ഇളയ കുട്ടിക്ക് ആറു മാസമായിരുന്നു പ്രായം. ഭാഗ്യത്തിനാണ് അവര്‍ രക്ഷപ്പെട്ടത്.

ഞങ്ങള്‍ അവര്‍ക്ക് ഒരു വീട് എടുത്തു കൊടുത്ത്. വാടക കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു ഉന്തു വണ്ടി വാങ്ങിച്ചു കൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ അത് വേണ്ട എന്ന് ചേട്ടന്‍ പറഞ്ഞു. കപ്പയും മീനും വില്‍ക്കുന്ന ജോലി ചെയ്യാന്‍ പറ്റോ എന്ന് ചോദിച്ചു. അതും വേണ്ട എന്ന് പറഞ്ഞു. അവര്‍ക്ക് കടലിലെ പണി മാത്രം അറിയൂ എന്നാണ് ആ ചേട്ടന്‍ പറഞ്ഞത്. പിന്നീട് നിര്‍മല ഗിരി സ്‌കൂളില്‍ സെക്യൂരിറ്റിയുടെ ജോലി വാങ്ങിക്കൊടുത്തു. ഭാര്യക്ക് അടുത്തുള്ള ഒരു വീട്ടിലും ജോലി ശരിയാക്കിക്കൊടുത്തു.

ചേട്ടന്‍ ഇടയ്ക്കിടെ വിളിക്കും. അവര്‍ക്കുള്ള മരുന്നുകള്‍ കൊടുക്കുന്നത് ഞാനാണ്. ഞാനൊരു മെഡിക്കല്‍ റെപ്രസെന്റേറ്റീവാണ്. ചേട്ടന്‍ പറയും, സെക്യൂരിറ്റിയായി അവിടെ ഇരിക്കുമ്പോഴും കടലില്‍ പോകണം എന്ന് തന്നെയാണ് മനസ്സില്‍ നിറയെ. ഭയങ്കര മാനസിക വിഷമങ്ങള്‍ ഉണ്ട് എന്നൊക്കെ. ചേട്ടന്‍ 28 ദിവസം ഉപ്പു വെള്ളം കുടിച്ച് കടലില്‍ കിടന്നതു കൊണ്ട് ആന്തരിക അവയവങ്ങള്‍ക്ക് കേടു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇനി കടലില്‍ പോകാന്‍ കഴിയില്ല’.

ഇനി ജനീവയിലെ അന്താരാഷ്ട്ര പുനര്‍ നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ നോക്കാം…

‘കടലിനോട് മല്ലടിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തോട് ഞാങ്ങള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്ടപ്പെടുമായിരുന്നു’. അന്ന് മഹാ പ്രളയകാലത്ത് കേരളം മൊത്തം വെള്ളം കുടിച്ചു മരിക്കാറായപ്പോള്‍ ആരോടും അനുവാദം ചോദിക്കാതെ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഓഖിയുടെ നഷ്ടങ്ങളുടെ വേദന നെഞ്ചിലിട്ട് വള്ളം തുഴഞ്ഞു വന്നവരാണവര്‍. കേരളത്തിന്റെ സൈന്യം എന്നൊക്കെ വിളിച്ചു അവരെ വാഴ്ത്തി. എന്നാല്‍ ആ സൈന്യത്തിന്റെ ജീവിതംഇങ്ങനെയാണെന്ന് വല്ലപ്പോഴും ഭരണകൂട സംവിധാനങ്ങള്‍ തിരിഞ്ഞു നോക്കാത്തത് എന്താണെന്നുള്ള ചോദ്യം എല്ലാകാലത്തും അങ്ങനെതന്നെ നിലനില്‍ക്കുകയാണ്.

മുട്ടത്തറ ഫ്‌ളാറ്റിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പുറം ലോകത്തെ അറിയിച്ച അജിത് ശംഖുമുഖം പറയുന്നത് ഇങ്ങനെയാണ്…

‘മുട്ടത്തറ ഫ്ളാറ്റില്‍ ജീവിക്കുന്ന ഒരുപാടുപേര്‍ പട്ടിണിയിലാണ്. കാര്യങ്ങള്‍ സംസാരിക്കുന്നതിന്റെ ഇടക്ക് ഒരു അമ്മ കരഞ്ഞു പറയുകയാണ്, മോനെ എന്റെ വിട്ടില്‍ ആഹാരം വച്ചിട്ട് മൂന്നു ദിവസമായി എന്ന്. ആറു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ആന്റി വിഷം കഴിച്ചു മരിച്ചു. രണ്ടു ദിവസത്തിനു മുന്‍പ് ഒരു ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ചു. ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഇപ്പോള്‍ ഇവര്‍ക്ക് നല്ലൊരു കൗണ്‍സിലിങ്ങിന്റെ ആവശ്യമുണ്ട്. കൂടാതെ അവര്‍ക്ക് വരുമാനത്തിനുള്ള വഴികള്‍ ഒരുക്കി കൊടുക്കേണ്ടതുമുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനം കടലിനെ ആശ്രയിച്ചാണ് കടപ്പുറത്താകുമ്പോള്‍ വല്ല വലയും വലിച്ചാല്‍ കറിക്ക് മീന്‍ കിട്ടും. അതു മതി പട്ടിണിയില്ലാതെ ജീവിക്കാന്‍’

കടലിന്റെ ചൂടിലും ചൂരിലും കരയുടെ വിശാലതയിലും ജീവിച്ചവര്‍ക്ക് എങ്ങനെയാണ് കേവലം 540 സ്‌ക്വയര്‍ ഫീറ്റിലേയ്ക്ക് ഒതുങ്ങാല്‍ സാധ്യമാകുക. എന്തു കൊണ്ടാണ് നമ്മുടെ ഭരണ സംവിധാനങ്ങള്‍ ഓരോ ജന വിഭാഗത്തിന്റേയും സാമൂഹിക-പാരിസ്ഥിതിക ചുറ്റുപാടുകളെ തകര്‍ത്തെറിയാതെയുള്ള പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തത്.

2017 നവംബര്‍ 29ന് ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമ്പോള്‍ കേരളത്തിലെ തീരദേശ മേഖലയിലുള്ളവരെല്ലാം കടലില്‍ ഉപജീവനം തേടുകയായിരുന്നു. 143 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഓഖി ദുരന്തത്തില്‍ കടലില്‍ പൊലിഞ്ഞുപോയത്. 91 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 143 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം 28.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ലഭ്യമാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. പിന്നെ എന്തിനാണ് ഈ ഫ്‌ളാറ്റുകള്‍? ഓഖിയില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വാങ്ങുന്നതിന് 10 ലക്ഷം രൂപവീതം 7.62 കോടി രൂപ അനുവദിച്ചെന്നും സര്‍ക്കാര്‍ പറയുന്നു. പിന്നെ എന്തിനാണ് ഈ ഫ്‌ളാറ്റുകള്‍? പല ഘട്ടങ്ങളിലായി ഓഖി ദുരന്ത ബാധിതര്‍ക്ക് വേണ്ടി 145 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അവകാശപ്പെടുന്നു. മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് 2018-19 ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ എന്തു കൊണ്ടാണ് പട്ടിണിയും കടവും മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്? എന്തു കൊണ്ടാണ് റേഷന്‍ കാര്‍ഡു പോലും ഇല്ലാത്ത മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉണ്ടാകുന്നത്? എന്തു കൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടില്ല, ഭൂമിയില്ല?

മുട്ടത്തറ മാതൃകയില്‍ കാരോടും മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഫ്ളാറ്റ് പദ്ധതി വരുന്നുണ്ട്. രണ്ടര ഏക്കര്‍ ഭൂമിയില്‍ 128 ഫ്ളാറ്റ് നിര്‍മിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിമലത്തുറയിലും ഇക്കൊല്ലം തന്നെ ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങും. പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലും ഫ്‌ളാറ്റ് സമുച്ചയത്തിന് സ്ഥലംകണ്ടെത്തി നിര്‍മാണം തുടങ്ങും. ഈ ഫ്‌ളാറ്റുകളൊക്കെ വരുന്നതോടെ വലിയൊരു വിഭാഗം മല്‍സ്യത്തൊഴിലാളി ജനത അവരുടെ സ്വാഭാവിക ആവാസ കേന്ദ്രങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് ആധുനികകാല കോളനികളിലേയ്ക്ക് തള്ളപ്പെടും.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more