|

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷിക്കുന്ന ശ്വേത ഞാനല്ല, അതൊരു ടെലിവിഷന്‍ നടിയാണ്: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസിലെ ശ്വേത താനല്ലെന്നും അതുമായി തനിക്കൊരു ബന്ധവുമില്ലെന്നും നടി ശ്വേത മേനോന്‍. ബാങ്കില്‍ നിന്നും പണം നഷ്ടമായവരുടെ കൂട്ടത്തില്‍ നടി ശ്വേതയും ഉണ്ടെന്ന തരത്തില്‍ നടിയുടെ ചിത്രങ്ങളുള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വിഷയത്തില്‍ പ്രതികരിക്കുകയാണ് ശ്വേത.

വാര്‍ത്തകളില്‍ പറയുന്ന ശ്വേത താനല്ലെന്നും ഇതേ കാര്യങ്ങള്‍ അന്വേഷിച്ച് കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ തനിക്ക് കോളുകള്‍ വരുന്നുന്നുണ്ടെന്നും നടി പറഞ്ഞു. വാര്‍ത്തയില്‍ പറയുന്ന സ്ത്രീ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റോ മറ്റുമാണെന്നാണ് ശ്വേത മേനോന്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കവെ പറഞ്ഞത്.

‘വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന ശ്വേത ഞാനല്ല. കഴിഞ്ഞ ദിവസം മുതല്‍ ഇതേ കാര്യങ്ങള്‍ തിരക്കി ഒരുപാട് കോളുകള്‍ എനിക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. അത് ഏതോ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റാണെന്ന് തോന്നുന്നു,’ ശ്വേത മേനോന്‍ പറഞ്ഞു.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ നാല്‍പതോളം ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നും അതില്‍ നടി ശ്വേത മേനോനുമുണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ബാങ്കില്‍ നിന്നും അയച്ചത് എന്ന വ്യാജേന വന്ന ലിങ്കില്‍ ക്ലിക് ചെയ്തവരുടെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. ശ്വേത മേമന്‍ എന്ന് പേരുള്ള മറ്റൊരു നടിയാണ് തട്ടിപ്പിന് ഇരയായതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കെ.വൈ.സി പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അവരവരുടെ ബാങ്കുകളുടേതിന് സമാനമായ വ്യാജ വെബ്‌സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമര്‍ ഐഡി, പാസ്‌വേര്‍ഡ് മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിന് പിന്നാലെയാണ് നാല്‍പതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.

content highlight: actrss swetha menon reacts new controversy

Latest Stories

Video Stories