ഫോട്ടോഷൂട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച ചാനല്‍ പരിപാടിക്കെതിരെ നടി ശ്രിന്ദ. കൈരളി ടി.വിയിലെ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയിലാണ് ശ്രിന്ദയുടെ ഫോട്ടോഷൂട്ടിലെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ചത്. ഇതിന് മറുപടിയായി താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ, ഇനിയും ഇത്തരം പരിപാടികള്‍ ഇനി വിലപ്പോവില്ല. എല്ലാവരും (പലരും) ഇത്തരം ടോക്‌സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്‌നേഹിക്കുകയും ചെയ്യുന്ന കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം അടി പിന്നോട്ട് പോവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ താരം പറയുന്നു.
‘ആ വീഡിയോക്ക് ശ്രദ്ധ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം അവരത് അര്‍ഹിക്കുന്നില്ല തന്നെ. ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ഇത്തരമൊരു സംഭാഷണം നടക്കുന്ന സാഹചര്യത്തില്‍ വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഇത്തരം കണ്ടന്റുകള്‍ കൈരളിയില്‍ വരുന്നതാണ് എന്നെ അത്ഭുതപ്പെടുന്നത്. നിങ്ങളുടെ പരിപാടികളുടെ ഉള്ളടക്കങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സമൂഹത്തെ സ്വാധീനിക്കാന്‍ പോന്ന ഒരു പ്ലാറ്റ്‌ഫോമായി തുടരുമ്പോഴും ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. എന്നാല്‍ മാത്രമേ ഈ പ്ലാറ്റ്‌ഫോമിലൂടെ കടന്നു പോവുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ സ്വന്തം ശരീരം അവനവന്റേത് മാത്രമാണെന്ന് തിരിച്ചറിയൂ.
ടി.വി-മൊബൈല്‍ സ്‌ക്രീനുകളില്‍ കാണുന്ന ചേട്ടന്മാരോ ചേച്ചിമാരോ ആരുമല്ല തങ്ങളുടെ തെരഞ്ഞടുപ്പുകളെ സ്വാധീനിക്കേണ്ടത് എന്ന കാര്യം തിരിച്ചറിയൂ. ഇതു പറയേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.
ഇതു കാണുന്ന കുട്ടികളോടാണ് നിങ്ങള്‍ക്ക് എന്താണോ ധരിക്കാനിഷ്ടം അതു ധരിക്കൂ, നിങ്ങളെന്താണെന്ന കാര്യം തുറന്നുകാട്ടൂ, എന്താണോ ഇഷ്ടം അത് മാത്രം ചെയ്യൂ. സന്തോഷിക്കൂ… മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാതെ സ്വന്തം കാര്യം ശ്രദ്ധിക്കൂ.
ഞാനെന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ പഠിക്കുകയാണ്. ഞാനിപ്പോള്‍ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആര്‍ക്കു വേണ്ടിയും ഞാനത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ഫോട്ടോഷൂട്ടുകള്‍ ഒരിക്കലും നിര്‍ത്താനും പോകുന്നില്ല. ഇന്നത്തേയ്ക്കും ഇത്രമാത്രം,’ എന്നാണ് ശ്രിന്ദ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.