| Thursday, 16th March 2023, 5:30 pm

ഇടതുപക്ഷം വിക്കിപീഡിയ ഹൈജാക്ക് ചെയ്തു; വിവരങ്ങളെല്ലാം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്: കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിക്കി പീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപണം. കങ്കണ തന്നെയാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നാണ് താരത്തിന്റെ ആരോപണം. തന്റെ ജന്മദിനം അടക്കമുള്ള പലവിവരങ്ങളും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നതെന്നും താരം പറഞ്ഞു.

‘വിക്കിപീഡിയ പൂര്‍ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തു. എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. എന്റെ ജന്മദിനവും ഉയരവും പശ്ചാത്തലവും എല്ലാം തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എത്ര തിരുത്താന്‍ ശ്രമിച്ചാലും അത് വീണ്ടും വളച്ചൊടിക്കും.

നിരവധി റേഡിയോ ചാനലുകളും ഫാന്‍സ് ക്ലബുകളും അഭ്യുദയകാംക്ഷികളും എനിക്ക് മാര്‍ച്ച് 20ന് ജന്മദിന ആശംസകള്‍ അയക്കാന്‍ തുടങ്ങും. ജന്മദിനം മാര്‍ച്ച് 20നാണ് എന്ന് വിക്കിപീഡിയില്‍ പറയുന്നതിനാല്‍ പലരും ആശയക്കുഴപ്പത്തിലാണ്. പക്ഷേ ഞാന്‍ 23നാണ് ജന്മദിനം ആഘോഷിക്കുന്നത്, അന്നാണ് എന്റെ ജന്മദിനം,’ കങ്കണ പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെ ജീവിതം പ്രമേയമാക്കുന്ന എമര്‍ജന്‍സിയാണ് കങ്കണയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. എമര്‍ജന്‍സിയുടെ തിരക്കഥയൊരുക്കുന്നതും ചിത്രം സംവിധാനം ചെയ്യുന്നതും താരം തന്നെയാണ്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കങ്കണ രണ്ടാമാതായി സംവിധാനം ചെയ്യുന്ന സിനിമയാണ് എമര്‍ജന്‍സി. 2019ല്‍ പുറത്തിറങ്ങിയ മണികര്‍ണിക് ദി ക്വീന്‍ ഓഫ് ഝാന്‍സിയാണ് ഇതിന് മുമ്പ് താരം സംവിധാനം ചെയ്ത സിനിമ. എന്നാല്‍ രണ്ടുപേര്‍ ചേര്‍ന്നായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കങ്കണയുടെ പുതിയ സിനിമക്കായി കാത്തിരിക്കുന്നത്.

content highlight: actrss kangana ranaut says her social media page highjacking by left

We use cookies to give you the best possible experience. Learn more