മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിക്കുമ്പോഴുള്ള തന്റെ മാനസികാവസ്ഥ എന്താണെന്ന് പറയുകയാണ് സൈജു കുറുപ്പ്. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പേടി തോന്നാറുണ്ടെന്നും അവരോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും സൈജു കുറുപ്പ് പറഞ്ഞു. അവര്‍ രണ്ടുപേരും വീട്ടിലെ അംഗത്തെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ കോരിത്തരിപ്പാണ് തോന്നിയതെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും മുട്ടിടിക്കുമെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭി മുഖത്തില്‍ താരം പറഞ്ഞു.
‘മമ്മൂട്ടിയുടെ മുന്നിലും ലാലേട്ടന്റെ മുന്നിലും അഭിനയിക്കുമ്പോള്‍ ഉറപ്പായും പേടി തോന്നാറുണ്ടായിരുന്നു. കൊച്ചിലെ തൊട്ട് ഇവരെ നമ്മള്‍ സ്‌ക്രീനില്‍ കാണുന്നതാണല്ലോ. അതിനെ ഭയം എന്ന് പറയാന്‍ പറ്റില്ല. നമുക്ക് അവരോടുള്ള സ്‌നേഹവും ബഹുമാനവുമൊക്കെ കൂടിച്ചേര്‍ന്നാണ് അങ്ങനെ വരുന്നത്. അവര്‍ നമുക്ക് വീട്ടിലൊരു അംഗത്തെ പോലെയാണ്.
ഇവരുടെയൊക്കെ സിനിമകള്‍ ഏതെങ്കിലും ചാനലില്‍ വരാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. അതുപോലെ തന്നെ ഇവരുടെ ശബ്ദവും നമുക്ക് ഭയങ്കര ഫെമിലിയറാണല്ലോ. ഹരിഹരന്‍ സാറിന്റെ മൂത്ത മകളുടെ കല്യാണം വിളിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ കൂടെ ഞാനും ലാല്‍ മീഡിയയില്‍ പോയിരുന്നു. അന്ന് കമല്‍ സാറിന്റെ രാപ്പകല്‍ സിനിമയുടെ ഡബ്ബിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.
അതിന്റെ ഡബ്ബിങ്ങാണെന്നാണ് എന്റെ ഓര്‍മ. അന്ന് മമ്മൂക്ക ഒരേ കടലിന്റെ ലുക്കിലായിരുന്നു ഉണ്ടായിരുന്നത്. മമ്മൂട്ടി സാറിനെ ആദ്യമായിട്ട് കാണാന്‍ പോകുന്നതുകൊണ്ട് തന്നെ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു അന്ന്. ഇന്ന് ഞാന്‍ മമ്മൂട്ടിയെ കാണാന്‍ പോകുവാണെന്ന് പറഞ്ഞ് ഭാര്യക്ക് മെസേജ് അയക്കുകയും ചെയ്തു.
അങ്ങനെ ഞങ്ങള്‍ അവിടെ എത്തി. പുറത്തേക്ക് ഇറങ്ങി വന്ന മമ്മൂട്ടി സാര്‍ ഹലോ പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ എന്താ, കൊച്ചിലെ മുതല്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന അതേ ശബ്ദം. ശരിക്കും പറഞ്ഞാല്‍ നമുക്ക് ഭയങ്കരമായ കോരിത്തരിപ്പാണത്. ശബ്ദമൊന്ന് കേട്ടപ്പോഴുള്ള എന്റെ അവസ്ഥ ഇതാണെങ്കില്‍ ക്യാമറക്ക് മുന്നില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കേണ്ടി വരുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും. സ്വാഭാവികമായിട്ടും ചെറുതായിട്ടൊക്കെ ഒന്ന് മുട്ടിടിക്കും,’ ഷൈജു കുറുപ്പ് പറഞ്ഞു.
content highlight: actror saiju kurupp about mammootty and mohanlal