| Thursday, 27th October 2022, 11:25 pm

ഹലോ... ഞാന്‍ മമ്മൂട്ടി, എന്നെ അറിയുമോയെന്ന് ചോദിച്ചു, എനിക്കാകെ ടെന്‍ഷനായി ഞാന്‍ ചാടി എഴുന്നേറ്റു: സീനത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനേത്രിയും സംവിധായകയുമാണ് സീനത്ത്. മമ്മൂട്ടിയുടെ റോഷാക്കില്‍ ഷറഫുദ്ദീന്റെ അമ്മയായി അഭിനയിച്ചത് നടിയായിരുന്നു. ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പറയുകയാണ് സീനത്ത്.

തനിക്ക് സംസാരിക്കാന്‍ മടിയുള്ളതിനാല്‍ അടുത്ത് ചെന്നില്ലെന്നും അദ്ദേഹം ഒടുവില്‍ അടുത്ത് വന്ന് സംസാരിക്കുകയായിരുന്നെന്നും സീനത്ത് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

”ആദ്യമായി മമ്മൂക്കയെ കണ്ടത് കെ.ജി. ജോര്‍ജിന്റെ മഹാനഗരം എന്ന സിനിമയിലാണ്. ഒരാളോട് അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ എനിക്ക് ഭയങ്കര മടിയാണ്. ചെന്ന് നമസ്‌കാരം പറയുകയും അവരോടുള്ള ഇഷ്ടം അറിയിക്കാനൊന്നും എനിക്ക് അറിയില്ല. എല്ലാവരുടെ അടുത്ത് നിന്നും ഒതുങ്ങി നില്‍ക്കുന്ന ടൈപ്പാണ് ഞാന്‍.

അതുപോലെ മമ്മൂക്കയോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം എന്റെ മനസിലുണ്ട്. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയില്ല. അദ്ദേഹം മേക്കപ്പ് ഒക്കെ ചെയ്ത് അഭിനയിക്കാന്‍ പോയി വന്നിട്ടും ഞാന്‍ അടുത്ത് പോയില്ല.

പിന്നെ നോക്കുമ്പോള്‍ എന്റെ അടുത്ത് വന്ന് ഹലോ… ഞാന്‍ മമ്മൂട്ടി, എന്നെ അറിയുമോയെന്ന് ചോദിച്ചു. എനിക്കാകെ ടെന്‍ഷനായി ഞാന്‍ ചാടി എഴുന്നേറ്റ് നമസ്‌കാരം പറഞ്ഞു. ഞാന്‍ എന്റെ ഏട്ടത്തിയോട് പറഞ്ഞു. എടീ മമ്മൂക്ക എന്റെ അടുത്ത് വന്നുവെന്നെല്ലാം ഞാന്‍ അവളോട് പറഞ്ഞു. കാരണം എനിക്ക് അത്രയും സന്തോഷമായിരുന്നു,” സീനത്ത് പറഞ്ഞു.

ഒ.ടി.ടി വന്നതോടു കൂടി സിനിമക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സീനത്ത് അഭിമുഖത്തില്‍ പറഞ്ഞു.

”ഒ.ടി.ടി നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ വലിയ സ്‌ക്രീനില്‍ കാണേണ്ടതാണ്. ഒ.ടി.ടി പോലെ ചെറിയ പ്ലാറ്റ് ഫോമില്‍ കണ്ടാല്‍ അതിന്റെ ഭംഗി വരില്ല. ഉദാഹരണത്തിന് സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം എടുത്ത് നോക്കു. ചെറിയ സ്‌ക്രീനിലാണ് സീരിയല്‍ കാണുക.

സീരിയലില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വരില്ല. അത് നമ്മള്‍ മേശപ്പുറത്ത് ഇരുന്ന് കാണുന്ന ഒരു സംഭവമാണ്. സൂപ്പര്‍ സ്റ്റാര്‍ ഒന്നും സിരിയലില്‍ വരില്ല. സിനിമ ഒ.ടി.ടിയിലേക്ക് വന്നാല്‍ അതാണ് സംഭവിക്കുക. തിയേറ്ററില്‍ വന്നതിന് ശേഷമല്ലാതെ ഒ.ടി.ടിയില്‍ വരാന്‍ പാടില്ല.

മൂന്ന് മാസത്തിനുള്ളില്‍ ഒരു സിനിമ ഒ.ടി.ടിയില്‍ വരുന്നത് കൊണ്ട് അതില്‍ വന്നിട്ട് കാണാമെന്നാണ് പലരും വിചാരിക്കുക. സിനിമയുടെ വില ഈ കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടും,” സീനത്ത് കൂട്ടിച്ചേര്‍ത്തു.

content highlight: actress zeenath shares the expaerience about mammootty first meet

We use cookies to give you the best possible experience. Learn more