ഭീഷണിയെല്ലാം അനുഭവിച്ചത് എന്റെ ഇളയമ്മയാണ്, പര്‍ദ ഇട്ട സ്ത്രീകള്‍ കുട്ടികളുമായി വിവിധ വേദികളില്‍ വരുന്നത് കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്: സീനത്ത്
Entertainment news
ഭീഷണിയെല്ലാം അനുഭവിച്ചത് എന്റെ ഇളയമ്മയാണ്, പര്‍ദ ഇട്ട സ്ത്രീകള്‍ കുട്ടികളുമായി വിവിധ വേദികളില്‍ വരുന്നത് കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്: സീനത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th October 2022, 2:49 pm

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീനത്ത്. നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും സീനത്ത് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ റോഷാക്കില്‍ ഷറഫുദ്ദീനിന്റെ അമ്മവേഷമാണ് നടി അവതരിപ്പിച്ചിട്ടുണ്ട്.

ചെറുപ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് സീനത്ത് എത്തിയിരുന്നു. താന്‍ സിനിമ മേഖലയിലേക്ക് വന്നപ്പോഴുള്ള ആളുകളുടെ കാഴ്ച്ചപ്പാടിനെക്കുറിച്ച് പറയുകയാണ് നടി.

തന്റെ ഇളയമ്മ, നിലമ്പൂര്‍ ആയിഷയാണ് കുടുംബത്തില്‍ നിന്നും ആദ്യമായി അഭിനയമേഖലയിലേക്ക് വന്നതെന്നും അവര്‍ക്ക് നിരവധി എതിര്‍പ്പും ഭീഷണിയും നേരിടേണ്ടി വന്നിരുന്നെന്നും സീനത്ത് പറഞ്ഞു. മുന്നില്‍ ഇളയമ്മ ഉള്ളത് കൊണ്ട് തനിക്ക് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സീനത്ത് പറഞ്ഞു.

”ഞാന്‍ ആദ്യമായിട്ട് സിനിമയില്‍ അഭിനയിക്കുന്നത് എഴുപത്തിയെട്ടിലാണ്. കൊച്ചുകുട്ടിയായപ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് ആ സമയത്ത് സിനിമയില്‍ അഭിനയിക്കുന്നതിന് സമുദായത്തിന്റെ വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല.

എന്റെ ഇളയമ്മ നിലമ്പൂര്‍ ആയിഷയാണ് ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പേ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയത്. ആയിഷാത്തക്ക് ആണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് വന്നിട്ടുള്ളത്. സിനിമയിലെന്നല്ല നാടകത്തില്‍ പോലും സ്ത്രീകള്‍ അഭിനയിക്കാത്ത കാലമായിരുന്നു. ആണുങ്ങള്‍ സ്ത്രീ വേഷം കെട്ടി അഭിനയിക്കുന്ന കാലത്താണ് ആയിഷാത്ത അഭിനയിക്കാന്‍ ഇറങ്ങുന്നത്. പാര്‍ട്ടി ബേസിലാണ് ഇറങ്ങിയത്.

ആ സമത്ത് കല്ലേറ് കിട്ടുക, കൊല്ലാന്‍ വരുക തുടങ്ങിയ ഭീഷണിയെല്ലാം അനുഭവിച്ചത് ഇളയമ്മയാണ്. ഞാന്‍ വന്നപ്പോഴും മലപ്പുറം ജില്ലയിലെ മുസ്‌ലിം ഫാമിലിയായത് കൊണ്ടും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇളയമ്മയുടെ സപ്പോര്‍ട്ട് കൊണ്ടാണ് ഞാന്‍ വന്നത്. അതുകൊണ്ട് ഭയങ്കര എതിര്‍പ്പ് ഞാന്‍ നേരിടേണ്ടി വന്നിട്ടില്ല.

ഞാന്‍ കേള്‍ക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും അല്ലാതെ നേരിട്ട് എന്നെ വല്ലാതെ ആരും എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ കാലം മാറി. ഞാന്‍ അഭിനയിക്കുമ്പോള്‍ വളരെ കുറച്ച് മുസ്‌ലിം പെണ്‍കുട്ടികളെ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇപ്പോള്‍ ഉള്ള വിവിധ വേദികളില്‍ പര്‍ദ ഇട്ട സ്ത്രീകള്‍ കുട്ടികളുമായി വരുന്നത് കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്.

എല്ലാവരും എന്താണ് സിനിമയെന്ന് മനസിലാക്കി തുടങ്ങി. സിനിമയും പരിപാടികളും ആളുകള്‍ ആസ്വാദിക്കാന്‍ തുടങ്ങി. അതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷമാണ് മനസിനുണ്ടാകുന്നത്,” സീനത്ത് പറഞ്ഞു.

content highlight: actress zeenath is talking about people’s attitude when she entered the film industry