| Thursday, 20th October 2022, 8:20 am

ബാങ്കില്‍ വന്നപ്പോഴാണ് ചെക്കില്‍ മമ്മൂട്ടി കമ്പനിയെന്ന് കണ്ടത്, പെട്ടെന്ന് ഒരു ഞെട്ടലായിരുന്നു: സീനത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സീനത്ത്. നിരവധി സിനിമകളില്‍ അമ്മ, അമ്മായിഅമ്മ, നാത്തൂന്‍ എന്നിങ്ങനെ മികച്ച റോളുകളിലൂടെ സിനിമകളില്‍ നടി സജീവമായിരുന്നു. മമ്മൂട്ടിയുടെ റോഷാക്കില്‍ മികച്ചൊരു വേഷം സീനത്ത് ചെയ്തിട്ടുണ്ട്.

റോഷാക്കിനെക്കുറിച്ചും സിനിമകളിലെ മാറ്റത്തെക്കുറിച്ചും മനോരമ ന്യൂസിനോട് സംസാരിക്കുകയാണ് സീനത്ത്. റോഷാക്കില്‍ അഭിനയിച്ച് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ സിനിമയിലാണ് അഭിനയിച്ചതെന്ന് അറിഞ്ഞതെന്ന് സീനത്ത് പറഞ്ഞു.

”റോഷാക്ക് മമ്മൂക്കയുടെ സിനിമയാണെന്ന് അഭിനയിക്കുന്ന വരെ എനിക്ക് അറിയില്ലായിരുന്നു. ഡയറക്ടര്‍ നേരിട്ട് വിളിക്കുകയായിരുന്നു. ഡയറക്ടറാണ് കഥ പറഞ്ഞത്. അഭിനയിച്ച് വീട്ടില്‍ എത്തി ബാങ്കില്‍ പണം വന്നപ്പോഴാണ് മമ്മൂട്ടി കമ്പനി എന്ന് ചെക്കില്‍ കണ്ടത്. അപ്പോഴാണ് അഭിനയിച്ചത് മമ്മൂട്ടിയുടെ സിനിമയിലാണെന്ന് അറിയുന്നത്. ആരാണ് പ്രൊഡ്യൂസര്‍ എന്ന് ഞാന്‍ പൊതുവെ ചോദിക്കാറില്ല.

ഒരു കാലത്ത് എല്ലാ സിനിമകളിലും വിളിക്കുമായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും ഒരു സിനിമ ചെയ്യുന്ന അവസ്ഥയാണ്. കുടുംബകഥകള്‍ ഇല്ലാത്തതുകൊണ്ടാണ് എനിക്ക് സിനിമ കിട്ടാത്തത്. ചെയ്യാനുള്ള റോളുകള്‍ ഇപ്പോഴത്തെ കഥകളില്‍ ഇല്ല. പണ്ട് ചില സിനിമകള്‍ ഒഴിച്ച് എല്ലാ സിനിമയിലും അമ്മ വേഷങ്ങളാണ് കിട്ടിട്ടുള്ളത്.

ഇപ്പോഴത്തെ ലൊക്കേഷനില്‍ ഒരുപാട് മാറ്റമുണ്ട്. പണ്ട് എല്ലാവരും സെറ്റില്‍ നമ്മുടെ സീന്‍ കഴിഞ്ഞാല്‍ ചെയറിട്ട് ചുറ്റും വട്ടം കൂടി ഇരിക്കും. പിന്നെ ഫുള്‍ പാട്ടും ചിരിയും ഒക്കെയാണ്. ഇന്ന് അങ്ങനെ വട്ടം കൂടി ഒന്നിച്ചിരിക്കുന്നില്ല. സീന്‍ കഴിഞ്ഞാല്‍ എല്ലാവരും കാരവനിലേക്ക് പോകുന്ന സാഹചര്യമാണ്. എല്ലാവരും തമ്മില്‍ സൗഹൃദം ഉണ്ട് പക്ഷേ പണ്ടത്തെ പോലെ ഒന്നിച്ചിരുന്നുള്ള സംസാരങ്ങള്‍ കുറഞ്ഞപോലെ ഇന്നത്തെ സെറ്റുകളില്‍ അനുഭവപ്പെട്ടിട്ടുണ്ട്.

മഹാനഗരം എന്ന സിനിമയിലാണെന്ന് തോന്നുന്നു മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. ഷൂട്ടിന് പോയപ്പോള്‍ വൈകുന്നേരം വരെ തിരക്ക് കാരണം എനിക്ക് അദ്ദേഹത്തോട് മിണ്ടാന്‍ പറ്റിയില്ല. ആര് വന്നാലും മമ്മൂക്കയെ അങ്ങോട്ട് കണ്ട് പരിചയപ്പെടും ഞാന്‍ പോയില്ലായിരുന്നു. എനിക്ക് നല്ല മടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്ത് പോകാന്‍.

ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ഞാന്‍ മേക്കപ്പ് തുടച്ചുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക അടുത്ത് വന്നു. ഹലോ, ഞാന്‍ മമ്മൂട്ടിയാണ് എന്നെ അറിയുമോയെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് എന്തോ പെട്ടെന്ന് ഞെട്ടലായിരുന്നു. അന്നും അദ്ദേഹത്തെ എനിക്ക് ബഹുമാനമാണ് ഇന്നും അതേപോലെ തന്നെയാണ്,” സീനത്ത് പറഞ്ഞു.

content highlight: actress zeenath about mammootty

We use cookies to give you the best possible experience. Learn more